കാത്തിരിക്കുന്നത് ബാറ്റിംഗ് വിരുന്ന്, കാര്യവട്ടത്ത് റണ്ണൊഴുകും; ആരാധകരെ ത്രസിപ്പിച്ച് പിച്ചിലെ പ്രവചനം

By Jomit JoseFirst Published Sep 27, 2022, 7:56 PM IST
Highlights

180ലേറെ റണ്‍സ് പിറക്കാന്‍ സാധ്യതയുള്ള ബാറ്റിംഗ് പിച്ചാണ് കാര്യവട്ടത്തേയെന്ന് ക്യുറേറ്റര്‍

കാര്യവട്ടം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടി20യില്‍ ആരാധകരെ കാത്തിരിക്കുന്നത് ബാറ്റിംഗ് വിരുന്ന്. മൂന്ന് വര്‍ഷത്തിന് ശേഷമെത്തുന്ന മത്സരത്തിനായി റണ്ണൊഴുകും പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. 180ലേറെ റണ്‍സ് പിറക്കാന്‍ സാധ്യതയുള്ള ബാറ്റിംഗ് പിച്ചാണ് കാര്യവട്ടത്തേയെന്ന് ക്യുറേറ്റര്‍ വ്യക്തമാക്കി. കാലാവസ്ഥയും മത്സരത്തിന് അനുയോജ്യമാണ്. ഇന്ത്യന്‍ ടീം ഇന്ന് പരിശീലനം നടത്തി. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബൗളിംഗ് പരിശീലകന്‍ പരാസ് മാമ്പ്രെ, ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. മത്സരത്തിന് മുന്നോടിയായി രാഹുല്‍ ദ്രാവിഡ് പിച്ച് പരിശോധിച്ചു. 

കാണികള്‍ ഇവ ഓര്‍മ്മിക്കുക

മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും ഗ്രീന്‍ഫീല്‍ഡില്‍ പൂര്‍ത്തിയായിട്ടുണ്ട്. ആവേശ മത്സരം കാണാന്‍ വടക്കൻ ജില്ലകളിൽ നിന്നടക്കം ആരാധകർ പലരും തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. മത്സരത്തിനായി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റേഡിയത്തിനകത്തേക്ക് വാട്ടർ ബോട്ടിലുകൾ അനുവദിക്കില്ല എന്ന് സിറ്റി പൊലീസ് കമ്മീഷണ‌ർ സ്‍പ‍ർജൻ കുമാർ വ്യക്തമാക്കി. ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കാനായാണ് വെള്ളക്കുപ്പികൾക്ക് നിരോധനം. അതേസമയം കാണികൾക്ക് സ്റ്റേഡിയത്തിനകത്ത് നിന്ന് വെള്ളം വാങ്ങാനുള്ള സൗകര്യമുണ്ടാകും. മത്സരം വീക്ഷിക്കാനായി സ്റ്റേഡിയത്തിലേക്ക് എത്തുന്നവരെ വൈകിട്ട് നാലര മുതലാകും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. കാണികൾ നേരത്തെ എത്തരുതെന്നും സിറ്റി പൊലീസ് കമ്മീഷണർ നിർദേശിച്ചു. 

സ്റ്റേഡിയം പരിസരത്തെ റോഡരികിൽ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 8 പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് കൂടുതലാണെങ്കിൽ അര മണിക്കൂർ മുന്നേ പ്രവേശിപ്പിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഗ്രീൻഫീൽഡ് പരിസരത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണ‌ർ അറിയിച്ചു. 8 എസ്‍പിമാർ ഉൾപ്പെടെ 1,500 പൊലീസുകാർക്കാണ് സുരക്ഷാ ചുമതല. കാര്യവട്ടത്ത് നാളെ വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ആരംഭിക്കുക. 

കാര്യവട്ടം ട്വന്റി 20: 'കളി കാണാൻ കുപ്പിവെള്ളവുമായി വരരുത്'! എന്തൊക്കെ ചെയ്യണം, ചെയ്യരുത്...

click me!