Asianet News MalayalamAsianet News Malayalam

കാര്യവട്ടം ട്വന്റി 20: 'കളി കാണാൻ കുപ്പിവെള്ളവുമായി വരരുത്'! എന്തൊക്കെ ചെയ്യണം, ചെയ്യരുത്... 

'കളി കാണാനെത്തുന്നവരെ വൈകീട്ട് നാലര മുതലാകും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. റോഡരികിൽ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കില്ല'.

Karyavattom Twenty 20, Drinking water bottles will no be allowed inside stadium
Author
First Published Sep 27, 2022, 3:42 PM IST

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം തലസ്ഥാന നഗരം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് നീങ്ങുമ്പോൾ കളി നേരിൽ കാണാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്താൻ തയ്യാറെടുക്കുന്നവർക്ക് മാർഗനിർദേശങ്ങളുമായി പൊലീസ്.
സ്റ്റേഡിയത്തിനകത്തേക്ക് വാട്ടർ ബോട്ടിലുകൾ അനുവദിക്കില്ല എന്ന് സിറ്റി പൊലീസ് കമ്മീഷണ‌ർ സ്‍പ‍ർജൻ കുമാർ വ്യക്തമാക്കി. ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കാനായാണ് വെള്ളക്കുപ്പികൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. അതേസമയം കാണികൾക്ക് സ്റ്റേഡിയത്തിനകത്ത് നിന്ന് വെള്ളം വാങ്ങാനാകും. കളി കാണാനെത്തുന്നവരെ വൈകീട്ട് നാലര മുതലാകും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. കാണികൾ നേരത്തെ എത്തരുതെന്നും സിറ്റി പൊലീസ് കമ്മീഷണർ നിർദേശിച്ചു. റോഡരികിൽ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 8 പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് കൂടുതലാണെങ്കിൽ അര മണിക്കൂർ മുന്നേ പ്രവേശിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഗ്രീൻഫീൽഡ് പരിസരത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണ‌ർ അറിയിച്ചു. 8 എസ്‍പിമാർ ഉൾപ്പെടെ 1,500 പൊലീസുകാർക്കാണ് സുരക്ഷാ ചുമതല.

ശ്രദ്ധിക്കുക...

. സ്റ്റേഡിയത്തിനകത്തേക്ക് കുപ്പിവെള്ളവുമായി വരരുത്
. സ്റ്റേഡിയത്തിനകത്ത് നിന്ന് കുപ്പിവെള്ളം വാങ്ങാം
. റോഡരികിൽ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കില്ല
. വാഹനം പാർക്ക് ചെയ്യാൻ 9 കേന്ദ്രങ്ങൾ
. കാണികൾക്ക് പ്രവേശനം 4.30 മുതൽ
. തിരക്കുണ്ടെങ്കിൽ അര മണിക്കൂർ നേരത്ത പ്രവേശിപ്പിക്കും

യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 28ന് രാത്രി 7 മണി മുതൽ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി- ട്വന്റി ക്രിക്കറ്റ്‌ മത്സരം കാണാൻ എത്തുന്നവർക്കായി    കൂടുതൽ സർവ്വീസുകൾ ഒരുക്കി കെഎസ്ആർടിസി. വൈകുന്നേരം 4 മണി മുതൽ കാര്യവട്ടം സ്റ്റേഡിയത്തിലേക്കും മത്സരം കഴിഞ്ഞ ശേഷം തിരിച്ചും ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്കും ആവശ്യാനുസരണം സർവ്വീസ് നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി കെഎസ്ആർടിസി അറിയിച്ചു. യൂണിറ്റുകളിലെ എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്യും. കൂടാതെ  യാത്രക്കാരുടെ തിരക്കനുസരിച്ചു തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നും കാര്യവട്ടം സ്റ്റേഡിയത്തിലേക്കും, രാത്രി തിരിച്ച് കൊല്ലം, തിരുവനന്തപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗത്തേക്കും ആവശ്യാനുസരണം ട്രിപ്പുകൾ ക്രമീകരിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios