
കാര്യവട്ടം: മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണ് കേരളത്തിലേതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. തനിക്കും നല്ല ഓർമ്മകൾ മാത്രമാണ് കേരളത്തെ കുറിച്ചുള്ളത്. താൻ ആദ്യമായി ക്യാപ്റ്റൻ ആയത് കേരളത്തിലെ മത്സരത്തിലായിരുന്നു. സഞ്ജു സാംസണ്‍ മികച്ച താരം. സഞ്ജു ഇന്ത്യൻ ടീമിന്‍റെ പദ്ധതികളിൽ ഉണ്ട്. സഞ്ജു ഇപ്പോൾ വൺഡേ ടീമിന്റെ ഭാഗമാണ് എന്നും ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 കാണാന്‍ കേരളത്തിലെത്തിയ സൗരവ് ഗാംഗുലി പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ടീമിലുണ്ടാകുമെന്ന സൂചന നൽകി സൗരവ് ഗാംഗുലി. രോഹൻ കുന്നുമ്മൽ, ബേസിൽ തമ്പി എന്നിവരെയും പേരെടുത്തു പ്രശംസിച്ചു ബിസിസിഐ അധ്യക്ഷന്‍. കേരളത്തിലേക്ക് റൊട്ടേഷൻ പോളിസി അനുസരിച്ച് കൂടുതൽ മത്സരങ്ങൾ എത്തുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.
സഞ്ജുവും തലസ്ഥാനത്ത്
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 കാണാന്‍ സഞ്ജു സാംസണും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എയെ വിജയകരമായി നയിച്ചാണ് സഞ്ജുവിന്‍റെ വരവ്. സഞ്ജു ടോപ് സ്കോററായപ്പോള്‍ പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയിരുന്നു. ഫോമിലാണെങ്കിലും പ്രോട്ടീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ ആരാധകര്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിനാല്‍ കാര്യവട്ടത്ത് പ്രതിഷേധങ്ങളൊന്നും പാടില്ല എന്ന് സഞ്ജു ആരാധകരോട് സ്നേഹപൂര്‍വം നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.
ആവേശം ആകാശത്തോളം
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടീം ഇന്ത്യയുടെ മത്സരം വിരുന്നെത്തുന്നത്. ആവേശ മത്സരം വീക്ഷിക്കുന്നതിനായി ഇന്നലെ മുതല്‍ ആരാധകര്‍ തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരുന്നു. 4.30 മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ആരാധകരുടെ പ്രവേശം. മത്സരം കാണാന്‍ വരുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. ടിക്കറ്റ് സ്‌കാന്‍ ചെയ്യുന്നതിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി പരിശോധിച്ചാവും സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടൂ. 14 ഗേറ്റുകള്‍ വഴിയാണ് പ്രവേശനം. ഏഴ് മണിക്കാണ് മത്സരം തുടങ്ങുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!