ഇന്ത്യന്‍ പേസര്‍മാരുടെ ആറാട്ട്; ഗ്രീന്‍ഫീല്‍ഡില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

By Jomit JoseFirst Published Sep 28, 2022, 9:31 PM IST
Highlights

ആദ്യ ഓവര്‍ മുതല്‍ ഇന്ത്യന്‍ പേസര്‍മാര്‍ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക തുടക്കത്തിലെ വെള്ളംകുടിച്ചിരുന്നു

കാര്യവട്ടം: ആദ്യ ടി20യില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങുവാണപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായ മത്സരത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 106 റണ്‍സ് മാത്രമേ പ്രോട്ടീസിന് നേടാനായുള്ളൂ. രാജ്യാന്തര ടി20യില്‍ ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീം ഇന്ത്യക്കെതിരെ നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണിത്. ഈ വര്‍ഷം തന്നെ രാജ്‌കോട്ടില്‍ 87 റണ്‍സില്‍ പുറത്തായതാണ് ടീമിന്‍റെ ഏറ്റവും കുറഞ്ഞ സ്കോര്‍. ഇന്ത്യക്കെതിരായ അവസാന രണ്ട് ഇന്നിംഗ്‌സുകളിലാണ് ഈ രണ്ട് കുറഞ്ഞ സ്കോറും പിറന്നത് എന്നതും സന്ദര്‍ശകര്‍ക്ക് നാണക്കേടാണ്. 

നാല് ഓവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റുമായി അര്‍ഷ്‌ദീപ് സിംഗും 26ന് രണ്ട് പേരെ മടക്കി ഹര്‍ഷല്‍ പട്ടേലും 24ന് രണ്ട് പേരെ പുറത്താക്കി ദീപക് ചാഹറും 16 റണ്‍സിന് ഒരാളെ പറഞ്ഞയച്ച് അക്‌സര്‍ പട്ടേലുമാണ് പ്രോട്ടീസിനെ 106ല്‍ ചുരുട്ടിക്കെട്ടിയത്. എട്ടാമനായി ഇറങ്ങി 35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. എയ്‌ഡന്‍ മാര്‍ക്രാമും(24 പന്തില്‍ 25), വെയ്‌ന്‍ പാര്‍ണലും(37 പന്തില്‍ 24) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. 

ആദ്യ ഓവര്‍ മുതല്‍ ഇന്ത്യന്‍ പേസര്‍മാര്‍ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക തുടക്കത്തിലെ വെള്ളംകുടിച്ചിരുന്നു. പവര്‍പ്ലേയില്‍ 30 റണ്‍സ് മാത്രമാണ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനായത്. 2.3 ഓവറില്‍ 9 റണ്‍സില്‍ നില്‍ക്കേ പ്രോട്ടീസിന് അഞ്ച് വിക്കറ്റ് നഷ്ടമാവുകയായിരുന്നു. ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് ദക്ഷിണാഫ്രിക്കയുടെ വമ്പനടിക്കാരായ ക്വിന്‍റണ്‍ ഡികോക്ക്, റിലീ റൂസ്സോ, ഡേവിഡ് മില്ലര്‍ എന്നിവരെ പുറത്താക്കിയതാണ് വഴിത്തിരിവായത്. 

അന്ന് തെറിവിളിച്ചവര്‍ കാണുന്നുണ്ടോ; അര്‍ഷ്‌ദീപ് സിംഗ് മുത്താണ്, ഇന്ത്യയുടെ സ്വത്താണ്

click me!