ടീമുകള്‍ എത്തി, കാണികള്‍ ഗാലറിയില്‍; കാര്യവട്ടത്ത് ആവേശം ആകാശത്തോളം

By Jomit JoseFirst Published Sep 28, 2022, 5:41 PM IST
Highlights

മത്സരത്തിനായി കാണികള്‍ ഇന്ന് രാവിലെ മുതല്‍ തന്നെ സ്റ്റേഡിയം പരിസരത്തെത്തിയിരുന്നു

കാര്യവട്ടം: ടോസ് വീഴാന്‍ കൂടിയേ ബാക്കിയുള്ളൂ, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റ് ആവേശത്തിന് അണിഞ്ഞൊരുങ്ങി. ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20ക്കായി ഇരു ടീമുകളും സ്റ്റേഡിയത്തിലെത്തി. ആദ്യം ദക്ഷിണാഫ്രിക്കന്‍ ടീമാണ് ടീം ഹോട്ടലില്‍ നിന്ന് ഗ്രീന്‍ഫീല്‍ഡിലേക്ക് വന്നത്. പിന്നാലെ രോഹിത് ശര്‍മ്മയുടെ നായകത്വത്തിലുള്ള ഇന്ത്യന്‍ ടീം എത്തി. മത്സരത്തിനായി കാണികള്‍ ഇന്ന് രാവിലെ മുതല്‍ തന്നെ സ്റ്റേഡിയം പരിസരത്തെത്തിയിരുന്നു. നാല് മണിക്ക് ശേഷം കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചുതുടങ്ങി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് കാണികളെ പ്രവേശിപ്പിച്ചത്. 

കാര്യവട്ടത്ത് ആവേശമത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത് എന്നാണ് സൂചന. ബാറ്റിംഗിന് അനുകൂലമായ പിച്ചെന്നാണ് വിലയിരുത്തൽ. 180ലേറെ സ്കോര്‍ പ്രതീക്ഷിക്കാമെന്ന് ക്യുറേറ്റര്‍ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. മത്സരത്തിനായി 6.30ന് ടോസ് വീഴും. കൃത്യം ഏഴ് മണിക്ക് മൂന്ന് വര്‍ഷത്തിന് ശേഷം ഗ്രീന്‍ഫീല്‍ഡ് വേദിയാവുന്ന ആവേശപ്പോരാട്ടം ആരംഭിക്കും. സ്ക്വാഡിലില്ലെങ്കിലും മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തുന്നത് ആരാധകര്‍ക്ക് ആവേശമാകും.

ടി20 ലോകകപ്പ് വാതിലില്‍ നില്‍ക്കേ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച വലിയ ആകാംക്ഷയും നിലനില്‍ക്കുന്നു. ഓസീസിനെതിരായ ടി20 പരമ്പരയില്‍ റണ്ണൊഴുക്കിയ സൂര്യകുമാര്‍ യാദവിന് ആദ്യ മത്സരത്തില്‍ വിശ്രമം നല്‍കിയേക്കും എന്ന അഭ്യൂഹം സജീവമാണ്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍, ഷഹ്ബാസ് അഹമ്മദ്.

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീട സാധ്യത; ജാക്ക് കാലിസ് ഏഷ്യാനെറ്റ് ന്യൂസിനോട്

click me!