ഇഷ്‍ട ഫിനിഷർ എം എസ് ധോണി; വെളിപ്പെടുത്തി ഡേവിഡ് മില്ലർ

By Jomit JoseFirst Published Oct 11, 2022, 3:50 PM IST
Highlights

മില്ലർ പറയുന്നത് തനിക്കേറെ ഇഷ്ടപ്പെട്ട ഫിനിഷർ ഇന്ത്യന്‍ ഇതിഹാസം എം എസ് ധോണിയാണ് എന്നാണ്

ദില്ലി: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരില്‍ ഒരാളായാണ് ഡേവിഡ് മില്ലർ വിശേഷിപ്പിക്കപ്പെടുന്നത്. ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലും ഐപിഎല്ലിലുമെല്ലാം മില്ലറുടെ ഫിനിഷിംഗ് മികവ് നമ്മള്‍ ഏറെത്തവണ കണ്ടിട്ടുണ്ട്. ഫിനിഷിംഗ് മികവ് കൊണ്ട് കില്ലർ മില്ലർ എന്ന വിശേഷം തന്നെയുണ്ട് ഈ പ്രോട്ടീസ് വെടിക്കെട്ട് വീരന്. മില്ലർ പറയുന്നത് തനിക്കേറെ ഇഷ്ടപ്പെട്ട ഫിനിഷർ ഇന്ത്യന്‍ ഇതിഹാസം എം എസ് ധോണിയാണ് എന്നാണ്. 

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷറായി വാഴ്ത്തപ്പെടുന്ന താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ കൂടിയായ എം എസ് ധോണി. ലോകകപ്പിലടക്കം ധോണിയുടെ ഫിനിഷിംഗ് പാടവം ഏറെ പ്രശസ്തമാണ്. സിക്സറടിച്ച് മത്സരം ഫിനിഷ് ചെയ്യാന്‍ അപാര കഴിവുള്ള താരം കൂടിയാണ് ധോണി. എതിരാളികളുടെ യാതൊരു സമ്മർദത്തിനും കീഴടങ്ങാതെയായിരുന്നു ധോണിയുടെ ഈ പ്രകടനമെല്ലാം. 

രാജ്യാന്തര കരിയറില്‍ അസൂയാവഹമായ നേട്ടങ്ങള്‍ ധോണിക്കുണ്ട്. 90 ടെസ്റ്റില്‍ 4876 റണ്‍സും 350 ഏകദിനങ്ങളില്‍ 10773 റണ്‍സും 98 രാജ്യാന്തര ടി20കളില്‍ 1617 റണ്‍സും സമ്പാദ്യം. ഐപിഎല്ലില്‍ 234 മത്സരങ്ങളില്‍ 4978 റണ്‍സും ധോണിയുടെ പേരിനൊപ്പമുണ്ട്. ഇതിനൊപ്പം ക്യാപ്റ്റന്‍സി മികവും ധോണിയെ വ്യത്യസ്തനാക്കുന്നു. 2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ധോണി 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്.

അതേസമയം മുപ്പത്തിമൂന്നുകാരനായ ഡേവിഡ് മില്ലർക്ക് 149 ഏകദിനങ്ങളില്‍ 3656 റണ്‍സും 107 രാജ്യാന്തര ടി20കളില്‍ 2071 റണ്‍സുമാണ് നേട്ടമായുള്ളത്. ഐപിഎല്ലില്‍ 105 കളികളില്‍ 2455 റണ്‍സും നേടി. ഇപ്പോള്‍ ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ കളിച്ചുകൊണ്ടിരിക്കുകയാണ് മില്ലർ. ആദ്യ ഏകദിനത്തില്‍ മില്ലർ 63 പന്തില്‍ പുറത്താകാതെ 75* റണ്‍സ് നേടിയിരുന്നു. 

ഹൈപ്പ് ഒക്കെ അവിടെ നില്‍ക്കട്ടെ; ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് ചാഹലിന് ചിലത് പറയാനുണ്ട്

click me!