മികച്ച പേസും സ്വിങും; ഇന്ത്യ അടുത്ത സഹീര്‍ ഖാനെ കണ്ടെത്തിയെന്ന് കമ്രാന്‍ അക്‌മല്‍, യുവ പേസര്‍ക്ക് പ്രശംസ

By Jomit JoseFirst Published Oct 1, 2022, 11:23 AM IST
Highlights

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ വിജയം നേടിയപ്പോള്‍ അര്‍ഷ്‌ദീപ് സിംഗായിരുന്നു കളിയിലെ താരം

ലാഹോര്‍: തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20യില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇടംകൈയന്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗിന് വമ്പന്‍ പ്രശംസയുമായി പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്‌മല്‍. ഇന്ത്യ അടുത്ത സഹീര്‍ ഖാനെ കണ്ടെത്തി എന്നാണ് അര്‍ഷ്‌ദീപിനെ കുറിച്ച് കമ്രാന്‍റെ വാക്കുകള്‍. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടംകൈയന്‍ പേസറാണ് സഹീര്‍ ഖാന്‍. 

'അര്‍ഷ്‌ദീപ് സിംഗ് ഗംഭീര ബൗളറാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത സഹീര്‍ ഖാനെ കണ്ടെത്തിയെന്ന് തോന്നുന്നു. അര്‍ഷിന് പേസും സ്വിങ്ങുമുണ്ട്. ബൗളിംഗ് ബുദ്ധിയുമുണ്ട്. മാനസികമായി കരുത്തനാണെന്നതിനൊപ്പം തന്‍റെ കഴിവുകളെ കുറിച്ച് ബോധ്യവുമുണ്ട് അദ്ദേഹത്തിന്. സാഹചര്യത്തിന് അനുസരിച്ച് തന്‍റെ കഴിവുകള്‍ ഉപയോഗിച്ചു. റിലീ റൂസ്സോയെ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിച്ചപ്പോള്‍ ക്വിന്‍റണ്‍ ഡികോക്കിനെ ബൗള്‍ഡാക്കി. എന്നാല്‍ അര്‍ഷ്‌ദീപിന്‍റെ ഏറ്റവും മികച്ച വിക്കറ്റ് ഡേവിഡ് മില്ലറുടേതാണ്. മനോഹരമായി പന്തെറിഞ്ഞു. അര്‍‌ഷ്‌ദീപിന് പക്വതയുണ്ട്, പേസുണ്ട്, യുവതാരവുമാണ്. ഇത് ഇന്ത്യന്‍ ടീമിന് ശുഭസൂചനയാണ്. കാരണം സഹീര്‍ ഖാന് ശേഷം ഇന്ത്യക്കൊരു മികച്ച ഇടംകൈയന്‍ പേസറെ ആവശ്യമാണ്' എന്നും കമ്രാന്‍ അക്‌മല്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ വിജയം നേടിയപ്പോള്‍ അര്‍ഷ്‌ദീപ് സിംഗായിരുന്നു കളിയിലെ താരം. നാല് ഓവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റ് അര്‍ഷ്‌ദീപ് പേരിലാക്കി. തന്‍റെ ആദ്യ ഓവറില്‍ തന്നെയായിരുന്നു ഈ മൂന്ന് വിക്കറ്റുകളും. ഓവറിലെ രണ്ടാം പന്തില്‍ ഇന്‍സൈഡ് എഡ്‌ജായി ക്വിന്‍റണ്‍ ഡികോക്ക് ബൗള്‍ഡായപ്പോള്‍ അഞ്ചാം പന്തില്‍ റിലീ റൂസ്സോയും അവസാന പന്തില്‍ ഡേവിഡ് മില്ലറും പുറത്തായി. റൂസ്സോ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിയപ്പോള്‍ മില്ലര്‍ ബൗള്‍ഡാവുകയായിരുന്നു. ഡികോക്ക് നാല് പന്തില്‍ ഒരു റണ്ണാണ് നേടിയതെങ്കില്‍ റൂസ്സോയും മില്ലറും ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. മത്സരത്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന്‍റെ ഗംഭീര ക്യാച്ചുമെടുത്തു താരം. 

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20യിലെ പ്രകടനം ട്വന്‍റി 20 ലോകകപ്പിന് മുമ്പ് അര്‍ഷ്‌ദീപ് സിംഗിന് ആത്മവിശ്വാസം പകരുന്നതാണ്. ഡെത്ത് ഓവറില്‍ മാത്രമല്ല, ആദ്യ ഓവറുകളിലും തനിക്ക് തിളങ്ങാനാവുമെന്ന് തെളിയിക്കുകയാണ് താരം. പേസിനൊപ്പം സഹീര്‍ ഖാനെ പോലെ സ്വിങ്ങാണ് അര്‍ഷ്‌ദീപ് സിംഗിന്‍റെ കരുത്ത്. ടീം ഇന്ത്യക്കായി 12 രാജ്യാന്തര ടി20കളില്‍ 7.45 ഇക്കോണമിയില്‍ 17 വിക്കറ്റ് താരത്തിനുണ്ട്. 

മുന്‍താരങ്ങള്‍ അന്നേ പറഞ്ഞു, ബുമ്രയുടെ ഭാവിവച്ച് കളിക്കരുത്; ചര്‍ച്ചയായി അക്‌തറിന്‍റെ പ്രവചനം

click me!