ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഒരു വര്‍ഷം മുമ്പേ പ്രവചിച്ച് ഷുഐബ് അക്തറും മൈക്കൽ ഹോൾഡിംഗും

മുംബൈ: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഒരു വര്‍ഷം മുമ്പ് പ്രവചിച്ച് പാകിസ്ഥാൻ മുൻ ഫാസ്റ്റ് ബൗളർ ഷുഐബ് അക്തറും വിൻഡീസ് ബൗളിംഗ് ഇതിഹാസം മൈക്കൽ ഹോൾഡിംഗും. ബുമ്രയ്ക്ക് ഒരു വർഷത്തിനുള്ളിൽ നടുവിന് പരിക്കേൽക്കുമെന്നായിരുന്നു അക്തറിന്‍റെ പ്രവചനം. 

ജസ്പ്രീത് ബുമ്രയുടെ ബൗളിംഗ് ആക്ഷൻ പരിക്കേൽക്കാനുള്ള സാധ്യത കൂടുതലുള്ള തരത്തിലാണെന്നായിരുന്നു അക്തറിന്‍റെ നിരീക്ഷണം. ഫ്രണ്ട് ഓണ്‍ ആക്ഷനില്‍ പന്തെറിയുന്ന ഷെയ്ന്‍ ബോണ്ട്, ഇയാന്‍ ബിഷപ്പ് തുടങ്ങിയവരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ബുമ്രയ്ക്കും ഇതുപോലെ പരിക്കേൽക്കുമെന്നായിരുന്നു അക്തർ പറഞ്ഞത്. കൃത്യമായ ഇടവേളകളിൽ ബുമ്രയ്ക്ക് വിശ്രമം നൽകണമെന്നും അക്തർ നി‍ർദേശിച്ചിരുന്നു. വിന്‍ഡീസ് പേസ് ഇതിഹാസം മൈക്കൽ ഹോൾഡിംഗും സമാനരീതിയിലുള്ള നിരീക്ഷണമായിരുന്നു പങ്കുവച്ചത്. മുന്‍ താരങ്ങളുടെ പ്രവചനം പോലെ തന്നെ അടിക്കടി പരിക്ക് അലട്ടുകയാണ് ഇപ്പോള്‍ ജസ്പ്രീത് ബുമ്രയെ. 

പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പ് നഷ്‌ടമായ ജസ്പ്രീത് ബുമ്ര അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തിയത്. എന്നാല്‍ ഓസീസ് പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ടി20ക്കായി പരിശീലനം നടത്തുന്നതിനിടെ ബുമ്രയെ വീണ്ടും പരിക്ക് കൂടി. ഇതോടെ മത്സരത്തില്‍ നിന്ന് വിശ്രമെടുത്ത ബുമ്രക്ക് പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടി20കള്‍ കൂടി നഷ്‌ടമാകും. ബുമ്രക്ക് പകരം മുഹമ്മദ് സിറാജിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, താരത്തിന്‍റെ ടി20 ലോകകപ്പ് പങ്കാളിത്തം തുലാസിലായിരിക്കുകയുമാണ്. 

ജസ്‌പ്രീത് ബുമ്ര ടി20 ലോകകപ്പില്‍ നിന്ന് പുറത്തായി എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പുതിയ സൂചനകള്‍ ആശ്വാസം പകരുന്നതാണ്. കരുതിയത്ര ഗുരുതരമല്ല ബുമ്രയുടെ പരിക്ക് എന്നാണ് പുതിയ വിവരം. താരത്തെ ഇന്നലെ സ്‌കാനിംഗിന് വിധേയനാക്കി. ബുമ്രയുടെ കാര്യത്തിൽ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ശുഭാപ്തിവിശ്വാസത്തിലാണ്. ലോകകപ്പിന് ഇനിയും സമയമുണ്ടെന്നും അതിനാല്‍ കാത്തിരിക്കാനും ഗാംഗുലി ആവശ്യപ്പെട്ടു. ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് താരം ഇതുവരെ പുറത്തായിട്ടില്ല എന്നും ദാദ കൊല്‍ക്കത്തയില്‍ പറഞ്ഞു.

'ജസ്‌പ്രീത് ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായിട്ടില്ല'; ആശ്വാസ സൂചനകളുമായി സൗരവ് ഗാംഗുലി