IND vs SA : ഐപിഎല്ലില്‍ തിളങ്ങിയാല്‍ മാത്രം ഇനി ഇന്ത്യന്‍ ടീമിലെത്താനാവില്ല, പുതിയ നിര്‍ദേശവുമായി ദ്രാവിഡ്

By Web TeamFirst Published Dec 8, 2021, 6:26 PM IST
Highlights

അനില്‍ കുംബ്ലെ പരിശീലകനായിരുന്ന കാലത്ത് ഐപിഎല്ലിനു പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ കൂടി മികച്ച പ്രകടനം നടത്തുന്നവരെ മാത്രമെ ടീമിലെക്ക് പരിഗണിക്കുമായിരുന്നുള്ളു. എന്നാല്‍ രവി ശാസ്ത്രി പരിശീലകച്ചുമതല ഏറ്റെടുത്തതോടെ ഐപിഎല്ലില്‍ തിളങ്ങിയ പല താരങ്ങളും നേരിട്ട് ഇന്ത്യന്‍ ടീമിലെത്തി. ഈ രീതിക്കാണ് ദ്രാവിഡ് മാറ്റം വരുത്താനൊരുങ്ങുന്നത് എന്നാണ് സൂചന.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്താനുള്ള(Team India) കുറുക്കുവഴിയായിരുന്നു ഇതുവരെ ഐപിഎല്‍(IPL) എങ്കില്‍ ഇനി അങ്ങനെ ആവില്ലെന്ന് സൂചന നല്‍കി ബിസിസിഐ(BCCI). ഐപിഎല്ലിന് പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ കൂടി തിളങ്ങുന്നവരെ മാത്രമെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാവൂ എന്നാണ് പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്(Rahul Dravid) സെലക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.

അനില്‍ കുംബ്ലെ പരിശീലകനായിരുന്ന കാലത്ത് ഐപിഎല്ലിനു പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ കൂടി മികച്ച പ്രകടനം നടത്തുന്നവരെ മാത്രമെ ടീമിലെക്ക് പരിഗണിക്കുമായിരുന്നുള്ളു. എന്നാല്‍ രവി ശാസ്ത്രി പരിശീലകച്ചുമതല ഏറ്റെടുത്തതോടെ ഐപിഎല്ലില്‍ തിളങ്ങിയ പല താരങ്ങളും നേരിട്ട് ഇന്ത്യന്‍ ടീമിലെത്തി. ഈ രീതിക്കാണ് ദ്രാവിഡ് മാറ്റം വരുത്താനൊരുങ്ങുന്നത് എന്നാണ് സൂചന.

ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്ന താരങ്ങളുടെ ഐപിഎല്‍ പ്രകടനം പരിഗണിക്കേണ്ടതില്ലെന്നും ദ്രാവിഡ് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഇന്‍സൈഡ് സ്പോര്‍ട്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികവായാരിക്കും ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിക്കാനുള്ള യോഗ്യത. സമീപകാലത്ത് ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കും ഫിറ്റ്നെസ് പ്രശ്നങ്ങളും ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.

ടി20 ലോകകപ്പില്‍ ഹാര്‍ദിക് പന്തെറിയുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തന്നെ പറഞ്ഞിട്ടും ലോകകപ്പില്‍ ഹാര്‍ദ്ദിക് ആകെ എറിഞ്ഞത് രണ്ടോവറായിരുന്നു. ഇക്കാര്യങ്ങളില്‍ ബിസിസിഐക്കും അതൃപ്തിയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പരിക്കില്‍ നിന്ന് മുക്തരാവുന്ന കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് പൂര്‍ണ ശാരീരികക്ഷമത കൈവരിച്ചുവെന്ന് തെളിയിച്ചാല്‍ മാത്രമെ  ടീമിലേക്ക് പരിഗണിക്കേണ്ടതുള്ളു എന്നും ദ്രാവിഡ് നിര്‍ദേശിച്ചിട്ടുണ്ട്.

ഹാര്‍ദ്ദിക്കിന് മുന്നിലെ വെല്ലുവിളി

ദ്രാവിഡിന്‍റെ പുതിയ നിര്‍ദേശം നടപ്പിലായില്‍ ഹാര്‍ദ്ദിക്കിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണമെങ്കില്‍ രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിച്ച് ഫിറ്റ്നെസ് തെളിയിക്കേണ്ടിവരും. വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചില്ലെങ്കില്‍ ഹാര്‍ദ്ദികിനെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാനിടയില്ല.

ഹാര്‍ദ്ദികിന് പുറമെ തോളിന് പരിക്കേറ്റ് നാലു മാസം പുറത്തിരുന്ന ശ്രേയസ് അയ്യര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ ഐപിഎല്ലില്‍ കളിച്ചതിനുശേഷമാണ് ടെസ്റ്റ് ടീമിലെത്തിയത്. ഇഷാന്ത് ശര്‍മയും പരിക്കില്‍ നിന്ന് മുക്തനായശേഷം ആഭ്യന്തര ക്രിക്കറ്റ്  കളിക്കാതെ ഐപിഎല്ലില്‍ കളിച്ച് നേരെ ടെസ്റ്റ് ടീമിലെത്തിയിരുന്നു. ഈ രീതിക്കാണ് ദ്രാവിഡ് മാറ്റം വരുത്താനൊരുങ്ങുന്നത്.

പരിക്കില്‍ നിന്ന് മോചിതരായി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ചാല്‍ മാത്രമെ ഇനി മുതല്‍ ടീമിലേക്ക് പരിഗണിക്കാവു എന്നാണ് ദ്രാവിഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

click me!