സിക്‌സറുകള്‍ ഹിറ്റ്‌മാന് എന്നും ഹരമായിരുന്നു; മായങ്ക് അഗര്‍വാളിനൊപ്പം റെക്കോര്‍ഡ്

By Web TeamFirst Published Oct 3, 2019, 12:24 PM IST
Highlights

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണറുടെ റോളില്‍ ഹിറ്റ്‌മാന്‍ എത്തിയപ്പോഴും ആരാധകര്‍ പ്രതീക്ഷിച്ചത് കൂറ്റന്‍ സിക്‌സുകള്‍ അടങ്ങുന്ന ഇന്നിംഗ്‌സാണ്

വിശാഖപട്ടണം: രോഹിത് ശര്‍മ്മ ക്രീസിലിറങ്ങുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്ന ഒന്നുണ്ട്. മൈതാനത്തിന് നാലുപാടും അനായാസം രോഹിത്തിന്‍റെ ബാറ്റില്‍ നിന്ന് പറക്കുന്ന കൂറ്റന്‍ സിക്‌സുകള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണറുടെ റോളില്‍ ഹിറ്റ്‌മാന്‍ എത്തിയപ്പോഴും ആരാധകര്‍ പ്രതീക്ഷിച്ചത് ഇതാണ്. ആരാധകരെ രോഹിത് നിരാശാക്കിയില്ല, ആറ് സിക്‌സുകള്‍ രോഹിത്തിന്‍റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

രോഹിത്തിനൊപ്പം സഹ ഓപ്പണറായിറങ്ങിയ മായങ്ക് അഗര്‍വാള്‍ മൂന്ന് സിക്‌സുകള്‍ നേടുകയും ചെയ്തു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 317 റണ്‍സ് നേടിയപ്പോള്‍ ആകെ പിറന്നത് ഒന്‍പത് സിക്‌സുകള്‍. ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ കൂടുതല്‍ സിക്‌സുകളുടെ റെക്കോര്‍ഡ് ഇതോടെ രോഹിത്- മായങ്ക് സഖ്യം സ്വന്തമാക്കി. ലക്‌നൗവില്‍ 1993/94ല്‍ നവജോത് സിദ്ധുവും മനോജ് പ്രഭാകറും ചേര്‍ന്ന് നേടിയ എട്ട് സിക്‌സുകളുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. 

വിശാഖപട്ടണത്ത് രോഹിത്തും മായങ്കും തകര്‍ത്തടിച്ചപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ 317 റണ്‍സ് പിറന്നു. ടെസ്റ്റില്‍ ആദ്യമായി ഓപ്പണറായി ഇറങ്ങിയ രോഹിത് 244 പന്തില്‍ നിന്ന് 23 ഫോറുകളും ആറ് സിക്‌സുകളും സഹിതം 176 റണ്‍സ് നേടി. ഇതിനിടെ ടെസ്റ്റ് കരിയറിലെ തന്‍റെ ആദ്യ ശതകം സ്വന്തമാക്കി മായങ്ക് അഗര്‍വാള്‍. 204 പന്തില്‍ നിന്നാണ് മായങ്കിന്‍റെ സെഞ്ചുറി. 

click me!