
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (IND vs SA) ടി20 പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് പിന്നിലാണ്. കട്ടക്കില്‍ നടന്ന രണ്ടാം ടി20യില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. തോല്‍വിയുടെ കാരണങ്ങള്‍ പലതാണ്. 10-15 റണ്‍സ് കുറവായിരുന്നുവെന്നാണ് ക്യാപ്റ്റന്‍ റിഷഭ് പന്ത് (Rishabh Pant) മത്സരശേഷം പറഞ്ഞത്. പിച്ചില്‍ ബാറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടും പലരും ചൂണ്ടികാണിക്കുന്നു. ബാറ്റിംഗിലെ സ്ഥാനമാറ്റം മറ്റൊരു വിവാദമായി. ദിനേശ് കാര്‍ത്തികിന് മുമ്പ് അക്‌സര്‍ പട്ടേലിനെ (Axar Patel) അയച്ചത് ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തു.
എന്നാല്‍ ഇക്കാര്യത്തില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹതാരം ശ്രേയസ് അയ്യര്‍ (Sheryas Iyer). അക്‌സറിനെ ഇറക്കാനുള്ള തീരുമാനം മോശമായിരുന്നില്ലെന്നാണ് ശ്രേയസ് പറയുന്നത്. ''അക്‌സര്‍ ക്രീസിലെത്തുമ്പോള്‍ ഏഴ് ഒവറുകളോളം ബാക്കിയുണ്ടായിരുന്നു. ആ സമയത്ത് സ്‌ട്രൈക്ക റൊട്ടേറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരത്തെയാണ് വേണ്ടിയിരുന്നത്. ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കുന്ന താരമല്ല ഇറങ്ങേണ്ടിയരുന്നത്. അതുകൊണ്ടാണ് അക്‌സറിനെ ഇറക്കിയത്. കാര്‍ത്തികിനും ആ ശൈലിയില്‍ കളിക്കാന്‍ സാധിക്കും. എന്നാല്‍ കാര്‍ത്തിക് തുടക്കത്തില്‍ പതറി. പിന്നീടാണ് പിച്ചിന്റെ സ്വഭാവം മനസിലാക്കാനായത്.'' ശ്രേയസ് മത്സരശേഷം പറഞ്ഞു.
പിച്ചിന്റെ സ്വഭാവത്തെ കുറിച്ചും ശ്രേയസ് സംസാരിച്ചു. ''35 പന്തുകള്‍ നേരിട്ടിട്ടും എനിക്ക് പിച്ചിന്റെ സ്വഭാവം മനസിലാക്കാനായില്ല. ടൈമിംഗ് കണ്ടെത്താന്‍ വളരെയധികം പരാജയപ്പെട്ടു. കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നാല്‍ ഇത്തരം പിച്ചുകളില്‍ കളിക്കുക വളരെ പ്രയാസമുള്ള കാര്യമായിരുന്നു.'' ശ്രേയസ് കൂട്ടിചേര്‍ത്തു.
മത്സരത്തില്‍ 21 പന്തില്‍ 30 റണ്‍സാണ് കാര്‍ത്തിക് നേടിയത്. തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ കാര്‍ത്തിക് വിഷമിച്ചിരുന്നു. ആദ്യ 18 പന്തില്‍ 17 റണ്‍സാണ് കാര്‍ത്തിക്ക് നേടിയിരുന്നത്. എന്നാല്‍ അവസാന ഓവറില്‍ രണ്ട് സിക്‌സ് നേടി കാര്‍ത്തിക് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.
10-15 റണ്‍സ് കുറവായിരുന്നുവെന്നാണ് തോല്‍വിക്ക് കാരണമായി റിഷഭ് പന്ത് മത്സരത്തിന് ശേഷം പറഞ്ഞത്. ''ഭുവിയും മറ്റു പേസര്‍മാര്‍മാരും ആദ്യത്തെ 7-8 ഓവറില്‍ നന്നായി പന്തെറിഞ്ഞു. എന്നാല്‍ അതിന് ശേഷം കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായില്ല. രണ്ടാം പാതിയില്‍ വിക്കറ്റ് വീഴ്ത്താന്‍ ബൗളര്‍മാര്‍ക്കായില്ല. ക്ലാസന്‍- തെംബ ബവൂമ നന്നായി ബാറ്റ് ചെയ്തു. മാത്രമല്ല, ഇന്ത്യന്‍ ടീമിന് 10-15 റണ്‍സ് കുറവായിരുന്നു. അടുത്ത മത്സരത്തില്‍ ഈ മേഖലകളില്‍ പുരോഗതിയുണ്ടാക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.'' പന്ത് മത്സരശേഷം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!