
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (IND vs SA) തുടര്‍ച്ചയായ രണ്ടാം ടി20യിലും ഇന്ത്യ പരാജയപ്പെട്ടു. കവിഞ്ഞ ദിവസം കട്ടക്കില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് നേടിയെങ്കിലും മറ്റു ബൗളര്‍മാര്‍ക്കൊന്നും പിന്തുണ നല്‍കാന്‍ സാധിച്ചില്ല.
മാത്രമല്ല, റിഷഭ് പന്തിന്റെ ക്യാപറ്റന്‍സി ഒരിക്കല്‍കൂടി വിമര്‍ശിക്കപ്പെട്ടു. ഇപ്പോള്‍ ആകാശ് ചോപ്രയും (Aakash Chopra) പന്തിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യുകയാണ്. ദിനേശ് കാര്‍ത്തികിന് (Dinesh Karthik) മുന്നില്‍ അക്‌സര്‍ പട്ടേലിനെ കളിപ്പിച്ചതാണ് ചോപ്രയെ ചൊടിപ്പിച്ചത്. എന്തിനായിരുന്നു ആ തന്ത്രമെന്നായിരുന്നു അദ്ദേഹം ഉന്നയിച്ച ചോദ്യം. ''ടി20യില്‍ ഒരുപാട് പന്തുകള്‍ നേരിടാനുള്ള അവസരം ലഭിക്കില്ല. ഇത്തരം ഘട്ടങ്ങളില്‍ ഒരു പ്രധാനതാരം ക്രീസിലെത്താതിരിക്കുന്നത് തെറ്റാണ്. ഒരു ഫിനിഷറെന്ന നിലയില്‍ കാര്‍ത്തികിനെ എനിക്കു ഇഷ്ടമാണ്.
രണ്ടാം ടി20യിലും മത്സരത്തിലും അദ്ദേഹം മനോഹരമായി ഇന്ത്യയുടെ ബാറ്റിംഗ് അവസാനിപ്പിച്ചു. എന്നാല്‍ കൂടുതല്‍ ഓവറുകള്‍ കളിയില്‍ ബാക്കിയുണ്ടെങ്കില്‍ അദ്ദേഹം ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍ പാടില്ലെന്നുണ്ടോ? കാര്‍ത്തികിന് മുമ്പ് അക്ഷറിനെ ഇറക്കിയത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല.'' ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ കാര്‍ത്തിക് വിഷമിച്ചിരുന്നു. ആദ്യ 18 പന്തില്‍ 17 റണ്‍സാണ് കാര്‍ത്തിക്ക് നേടിയിരുന്നത്. എന്നാല്‍ അവസാന ഓവറില്‍ രണ്ട് സിക്‌സ് നേടി കാര്‍ത്തിക് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.
നായകന്‍ റിഷഭ് പന്ത് പുറത്തായ രീതിയും ചോപ്രയെ ചൊടിപ്പിച്ചു. ''പന്തിന്റെ അമിതാവേശമാണ് വിക്കറ്റ് കളഞ്ഞത്. സ്പിന്നിനെതിരെ വളരെ നേരത്തെ ആക്രമിച്ച് കളിക്കാനാണ് പന്ത് ശ്രമിച്ചത്. കേശവ് മഹാരാജിനു വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.'' ചോപ്ര വ്യക്താക്കി.