
ബെംഗളൂരു: മഴയില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍(M Chinnaswamy Stadium) ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർ നിരാശരായി. 'ബെംഗളൂരു ഫൈനല്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20(IND vs SA 5th T20I) വെറും 3.3 ഓവറുകള്‍ മാത്രമെറിഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകളും ട്രോഫി 2-2ന് പങ്കിട്ടപ്പോള്‍ പരമ്പരയിലെ താരമായി ഇന്ത്യന്‍ പേസർ ഭുവനേശ്വർ കുമാർ(Bhuvneshwar Kumar) തെരഞ്ഞെടുക്കപ്പെട്ടു. ടി20 ലോകകപ്പിന് മുമ്പ് തന്‍റെ പേരും ഇന്ത്യന്‍ സ്ക്വാഡിലേക്ക് വച്ചുനീട്ടുകയായിരുന്നു പരമ്പരയിലൂടെ വെറ്ററന്‍ ഭുവി.
നാല് മത്സരങ്ങളില്‍ 14.16 ശരാശരിയിലും 10.4 സ്ട്രൈക്ക് റേറ്റിലും ആറ് വിക്കറ്റ് വീഴ്ത്തിയാണ് ഭുവി പരമ്പരയുടെ താരമായത്. ജസ്പ്രീത് ബുമ്രയുടെയും മുഹമ്മദ് ഷമിയുടേയും അസാന്നിധ്യത്തില്‍ ഇന്ത്യന്‍ യുവ ബൌളിംഗ് നിരയെ നയിച്ചത് ഭുവനേശ്വറായിരുന്നു.
ഏഴ് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴമൂലം 7.50നാണ് ആരംഭിച്ചത്. മത്സരം ഇരു ടീമിനും 19 ഓവർ വീതമായി ചുരുക്കുകയും ചെയ്തു. ഫൈനലിന് സമാനമായ അഞ്ചാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഓവറില്‍ കേശവ് മഹാരാജിനെ തുടർച്ചയായി രണ്ട് സിക്സറിന് പറത്തിയാണ് ഇഷാന്‍ കിഷന്‍ തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ എന്‍ഗിഡി സ്ലോ ബോളില്‍ ഇഷാനെ(7 പന്തില്‍ 15) ബൌള്‍ഡാക്കി. നാലാം ഓവറില്‍ പന്തെടുത്തപ്പോള്‍ റുതുരാജ് ഗെയ്ക്വാദിനെയും(12 പന്തില്‍ 10) എന്‍ഗിഡി പുറത്താക്കി. ഇന്ത്യ 3.3 ഓവറില്‍ 28-2 എന്ന നിലയിലുള്ളപ്പോള്‍ വീണ്ടും മഴയെത്തുകയായിരുന്നു. പിന്നീട് ചിന്നസ്വാമിയിലെ മഴമേഘങ്ങള്‍ മത്സരത്തെ തുണച്ചില്ല.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങള്‍ പ്രോട്ടീസിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. സ്ഥിരം നായകന്‍ തെംബാ ബാവുമ ഇന്ന് കളിച്ചില്ല. തബ്രൈസ് ഷംസി, മാർക്കോ യാന്‍സന്‍ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ട്രിസ്റ്റണ്‍ സ്റ്റബ്സ്, റീസാ ഹെന്‍ഡ്രിക്സ്, കാഗിസോ റബാഡ എന്നിവർ ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായിരുന്നില്ല.
IND vs SA : ചിന്നസ്വാമി ടി20 മഴ കൊണ്ടുപോയി; മത്സരം ഉപേക്ഷിച്ചു, പരമ്പര വീതംവെയ്ക്കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!