
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) മിന്നല്‍ പേസുമായി കയ്യടിവാങ്ങിയ ഉമ്രാന്‍ മാലിക്കിനെ(Umran Malik) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20(IND vs SA T20Is) പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉമ്രാന്‍റെ പേസില്‍ പരമ്പരയ്‌ക്ക് മുമ്പേ വിറച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീം(South Africa Cricket Team). പ്രോട്ടീസ് പടയുടെ പേടി ക്യാപ്റ്റന്‍ തെംബാ ബാവുമയുടെ(Temba Bavuma) വാക്കുകളിലുണ്ട്.
'ഇന്ത്യന്‍ ടീമിന് ഉറച്ച പേസ് മുതല്‍ക്കൂട്ടാണ് ഉമ്രാന്‍ മാലിക്. പേസര്‍മാരെ കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ ടീമിന് മഹത്തരമാണ് ഐപിഎല്‍. ദക്ഷിണാഫ്രിക്കയില്‍ അതിവേഗക്കാരായ പേസര്‍മാരെ നേരിടാന്‍ പഠിച്ചാണ് ഞങ്ങള്‍ വളരുന്നതെങ്കിലും 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന പേസറെ നേരിടാന്‍ ഒരു ബാറ്ററും ഇഷ്‌ടപ്പെടില്ല. എന്നാല്‍ കഴിയുന്നത്ര തയ്യാറെടുത്തിരിക്കണം. 150 കിലോമീറ്റര്‍ വേഗമുള്ള ബൗളര്‍മാര്‍ ഞങ്ങള്‍ക്കുമുണ്ട്. അതിനാല്‍ ആ ആയുധം ഞങ്ങളുടെ ശാലയിലുമുണ്ട്. എന്നാല്‍ ഉമ്രാന്‍ മാലിക് ഇന്ത്യന്‍ ടീമിന് സ്‌പെഷ്യല്‍ ടാലന്‍റാണ്. ഐപിഎല്‍ മികവ് രാജ്യാന്തര ക്രിക്കറ്റിലേക്ക് അദേഹം കൊണ്ടുവരും എന്നാണ് പ്രതീക്ഷ' എന്നും തെംബാ ബാവുമ പറഞ്ഞു.
അഞ്ച് മത്സരങ്ങളുടെ പരമ്പരയ്‌ക്ക് ജൂണ്‍ 9ന് ദില്ലിയിലാണ് തുടക്കമാവുക. കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷന്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നിവര്‍ ടീമിലെത്തി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്, ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് എന്നിവരേയും ടീമില്‍ ഉള്‍പ്പെടുത്തി. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്കെല്ലാം ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഐപിഎല്‍ സീസണില്‍ 22 വിക്കറ്റാണ് ഉമ്രാന്‍ സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 ടീം: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.
IND v SA: ഇന്ത്യക്കെതിരായ ടി20 പരമ്പര: ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, നോര്‍ക്യ തിരിച്ചെത്തി