
ഗുവാഹത്തി: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. ഗുവാഹത്തിയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ട്വന്‍റി 20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുക. ഇന്ത്യൻ ടീം ഇന്നലെ ഗുവാഹത്തിയിലെത്തി. ട്വന്‍റി 20 പരമ്പരയിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോലി, മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ തുടങ്ങിയവരും ടീമിൽ തിരിച്ചെത്തും. എന്നാല്‍ അവസാന നിമിഷം ജസ്‌പ്രീത് ബുമ്ര സ്‌ക്വാഡില്‍ നിന്ന് പുറത്തായതിന്‍റെ ഞെട്ടലിലാണ് ഇന്ത്യന്‍ ആരാധകര്‍.
രോഹിത് ശർമ്മയ്ക്കൊപ്പം ഇഷാൻ കിഷൻ ഓപ്പണറായേക്കും. വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് ഹാർദിക് പാണ്ഡ്യ എന്നിവരായിരിക്കും മധ്യനിരയിൽ. അക്സർ പട്ടേൽ, യുസ്‍വേന്ദ്ര ചഹൽ, അർഷ്ദിപ് സിംഗ്, മുഹമ്മദ് ഷമി എന്നിവർ ബൗളിംഗ് നിരയിലുമുണ്ടാവും. ക്യാപ്റ്റൻ ദസുൻ ഷനക, വാനിന്ദു ഹസരംഗ, കുശാൽ മെൻഡിസ്, ചമിക കരുണരത്നെ എന്നിവരുടെ പ്രകടനമാവും ലങ്കൻ നിരയിൽ നിർണായകമാവുക. പരമ്പരയിൽ മൂന്ന് ഏകദിനങ്ങളാണുള്ളത്. അവസാന ഏകദിനം ഞായറാഴ്ച കാര്യവട്ടത്ത് നടക്കും. കാര്യവട്ടം ഏകദിനത്തിനുള്ള ടിക്കറ്റ് വില്‍പന ഇതിനകം ആരംഭിച്ചിരുന്നു.
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കില്ല. പരിക്ക് മാറിയ ബുമ്രയെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും പരമ്പരയിൽ കളിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. ഗുവാഹത്തിയിൽ എത്തിയ ഇന്ത്യൻ സംഘത്തിൽ ബുമ്രയില്ല. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിലും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ബുമ്രയുടെ സേവനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താരത്തെ ഒഴിവാക്കിയത്. ജനുവരി 18ന് ന്യൂസിലൻഡിനെതിരെ തുടങ്ങുന്ന പരമ്പരയിൽ ജസ്‌പ്രീത് ബുമ്രയെ കളിപ്പിക്കണോയെന്ന് ബിസിസിഐ തീരുമാനിച്ചിട്ടില്ല. പരിക്കേറ്റ ബുമ്രയ്ക്ക് ഏഷ്യാകപ്പും ടി20 20 ലോകകപ്പും നഷ്ടമായിരുന്നു. രണ്ട് ടൂര്‍ണമെന്‍റുകളിലും ഇന്ത്യ തോല്‍ക്കുകയും ചെയ്‌തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!