കോലി, രോഹിത് എന്നിവരുടെ കാര്യത്തില്‍ ചരിത്ര തീരുമാനം കൈക്കൊള്ളാന്‍ സെലക്‌ടര്‍മാര്‍, ആകാംക്ഷ മുറുകുന്നു

By Web TeamFirst Published Jan 9, 2023, 4:16 PM IST
Highlights

ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡുകളെ തെരഞ്ഞെടുക്കുകയാണ് ചേതന്‍ ശര്‍മ്മയുടെ കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ ആദ്യ ചുമതല

മുംബൈ: ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരാനിരിക്കേ ആരാധകരുടെ കണ്ണുകളത്രയും വിരാട് കോലിയിലും രോഹിത് ശര്‍മ്മയിലും. മൂന്ന് ഫോര്‍മാറ്റിലും കളിച്ചിരുന്ന ഇരുവരെയും ട്വന്‍റി 20 ടീമില്‍ നിന്ന് ഒഴിവാക്കുമോ എന്നതാണ് ചോദ്യം. ഇരുവര്‍ക്കുമൊപ്പം മറ്റ് ചില സീനിയര്‍ താരങ്ങളുടെ രാജ്യാന്തര ട്വന്‍റി 20 ഭാവിയും കയ്യാലപ്പുറത്താണ്. 

ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡുകളെ തെരഞ്ഞെടുക്കുകയാണ് ചേതന്‍ ശര്‍മ്മയുടെ കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ ആദ്യ ചുമതല. ഇതിനൊപ്പമാണ് കോലിയും രോഹിത്തും അടക്കമുള്ള സീനിയര്‍ താരങ്ങളുടെ ട്വന്‍റി 20 ടീമിലെ സാന്നിധ്യം യോഗത്തില്‍ തീരുമാനമാവുക. കോലിയെയും രോഹിത്തിനേയും ഒഴിവാക്കിയുള്ള പദ്ധതികളാണ് ബിസിസിഐ 2024 ട്വന്‍റി 20 ലോകകപ്പിനായി തയ്യാറാക്കുന്നത് എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. പേസര്‍ ഭുവനേശ്വര്‍ കുമാര്‍, സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍, പേസര്‍ മുഹമ്മദ് ഷമി എന്നിവരുടെ കാര്യത്തിലും നിര്‍ണായക തീരുമാനം പുതിയ സെലക്ടര്‍മാര്‍ക്ക് കൈക്കൊള്ളേണ്ടതുണ്ട്. ടി20 ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടാലും കോലിയും രോഹിത്തും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കും. ന്യൂസിലന്‍ഡിനെതിരെ മൂന്ന് വീതം ഏകദിനങ്ങളും ട്വന്‍റി 20കളുമാണ് ടീം ഇന്ത്യ കളിക്കുക. 

ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തിലുള്ള യുവനിരയെ നിലനിര്‍ത്താനാണ് സാധ്യത. സീനിയര്‍ താരങ്ങളില്ലാതെ ലങ്കയ്ക്കെതിരായ പരമ്പര ഈ സംഘം ഉയര്‍ത്തിയിരുന്നു. ശ്രീലങ്കയ്ക്ക് എതിരെ തുടങ്ങാനിരിക്കുന്ന ഏകദിന സ്‌ക്വാഡില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ന്യൂസിലന്‍ഡിനെതിരായ 50 ഓവര്‍ പരമ്പരയിലുണ്ടാവില്ല. ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിനായി ടീമിനെ തയ്യാറാക്കലാണ് ബിസിസിഐയുടെ നിലവിലെ പ്രധാന പദ്ധതികളിലൊന്ന്. 2024ലെ ടി20 ലോകകപ്പിനായി യുവനിരയെയാവും ഇനി തയ്യാറാക്കുക എന്നുറപ്പാണ്. എന്നാല്‍ ഇതിനായി കോര്‍ ഗ്രൂപ്പ് താരങ്ങളെ പാണ്ഡ്യക്ക് കീഴില്‍ ട്വന്‍റി 20 ടീമില്‍ സൃഷ്‌ടിച്ചെടുക്കേണ്ടതുണ്ട്. ലങ്കയ്ക്കെതിരായ ടി20 പരമ്പര കളിച്ച താരങ്ങളുടെ ശരാശരി പ്രായം 27 മാത്രമായിരുന്നു. 

ഇന്ത്യന്‍ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി

ചേതന്‍ ശര്‍മ്മ
ശിവ്സുന്ദർ ദാസ് 
സുബ്രതോ ബാനർജി 
സലിൽ അങ്കോള
എസ് ശരത്

രോഹിത്തും കോലിയും അറിയുന്നുണ്ടോ; സ്വപ്‌ന റെക്കോര്‍ഡ് 'സ്കൈ' തകര്‍ക്കാനായി, അതും പാതിപോലും മത്സരം കളിക്കാതെ

 


 

click me!