ലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനം; സഹ ഓപ്പണറെ പ്രഖ്യാപിച്ച് രോഹിത് ശര്‍മ്മ, സൂപ്പര്‍ ഹീറോ പുറത്തിരിക്കണം!

By Web TeamFirst Published Jan 9, 2023, 6:27 PM IST
Highlights

ഇഷാന്‍ കിഷനെ കളിപ്പിക്കാനാവില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ശുഭ്‌മാന്‍ ഗില്ലിന് അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ട് എന്നുമാണ് ഹിറ്റ്‌മാന്‍റെ വാക്കുകള്‍

ഗുവാഹത്തി: ശ്രീലങ്കയ്ക്ക് എതിരെ നാളെ നടക്കുന്ന ആദ്യ ഏകദിനത്തില്‍ തനിക്കൊപ്പം ശുഭ്‌മാന്‍ ഗില്‍ ഓപ്പണ്‍ ചെയ്യുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഏകദിന ഇരട്ട സെഞ്ചുറി ബംഗ്ലാദേശിനെതിരെ നേടിയ ഇഷാന്‍ കിഷന്‍ ഇതോടെ പുറത്തിരിക്കേണ്ടിവരും. ഗുവാഹത്തി ഏകദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം സ്ഥിരീകരിച്ചത്. 'ഇഷാന്‍ കിഷനെ കളിപ്പിക്കാനാവില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ശുഭ്‌മാന്‍ ഗില്ലിന് അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ട്' എന്നുമാണ് ഹിറ്റ്‌മാന്‍റെ വാക്കുകള്‍. രോഹിത് പരിക്കേറ്റ് പുറത്തായതോടെയായിരുന്നു ബംഗ്ലാദേശിനെതിരെ ഇഷാന്‍ ഓപ്പണറായി കളിച്ചത്. 

ഏകദിനത്തിലേക്കുള്ള തിരിച്ചുവരവില്‍ ശുഭ്‌മാന്‍ ഗില്‍ 12 മത്സരങ്ങളില്‍ 638 റണ്‍സ് നേടിയിരുന്നു. ഇതില്‍ 70.88 ശരാശരിയും 102.57 സ്‌ട്രൈക്ക് റേറ്റും സഹിതം ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. അതേസമയം ഇഷാന്‍ കിഷന്‍ 2022ല്‍ ഏഴ് ഇന്നിംഗ്‌സില്‍ 417 റണ്‍സ് നേടി. അവസാന ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ റെക്കോര്‍ഡിട്ടു. ബംഗ്ലാ കടുവകള്‍ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങി 131 പന്തില്‍ 210 റണ്‍സാണ് ഇഷാന്‍ അടിച്ചത്. ഇതില്‍ 24 ഫോറും 10 സിക്‌സറുമുണ്ടായിരുന്നു. വെറും 35 ഓവറുകള്‍ക്കുള്ളില്‍ ഇഷാന്‍ 200 പിന്നിട്ടു. ഏകദിന ക്രിക്കറ്റിലെ അതിവേഗ ഡബിള്‍ സെഞ്ചുറിയെന്ന നേട്ടം കിഷന്‍ അന്ന് സ്വന്തമാക്കി. 126 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച കിഷന്‍ 128 പന്തില്‍ 200 അടിച്ച ക്രിസ് ഗെയ്‌ലിനെയാണ് മറികടന്നത്. 

മൂന്നാം നമ്പറില്‍ വിരാട് കോലി തിരിച്ചെത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലാരെ കളിപ്പിക്കുമെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കിയിട്ടില്ല. 2022ല്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരമാണ് ശ്രേയസ്. എന്നാല്‍ 2022ലെ സ്വപ്‌ന ഫോം തുടരുന്ന സൂര്യകുമാര്‍ അവസാന ട്വന്‍റി 20യില്‍ ലങ്കയ്ക്കെതിരെ 51 പന്തില്‍ പുറത്താകാതെ 112* റണ്‍സ് അടിച്ചുകൂട്ടി. ജസ്പ്രീത് ബുമ്രയെ ഒഴിവാക്കിയതോടെ പേസര്‍മാരെ ആരെയൊക്കെ കളിപ്പിക്കും എന്ന ചര്‍ച്ചയും സജീവമാണ്. പരിക്കിന് ശേഷം മടങ്ങിയെത്തുന്ന മുഹമ്മദ് ഷമിക്കൊപ്പം മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്‌ദീപ് സിംഗ് എന്നിവരിലാരെ കളിപ്പിക്കും എന്നത് രോഹിത്തിനും ദ്രാവിഡിനും മുന്നിലുള്ള വലിയ ചോദ്യമാണ്.

ലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം നാളെ; ആരാധകര്‍ പ്രതീക്ഷിക്കേണ്ടത് എന്തൊക്കെ? 

 

click me!