Ravindra Jadeja : രോഹിത്തും ദ്രാവിഡുമല്ല, ഡിക്ലയര്‍ നിര്‍ദേശിച്ചത് ഞാന്‍; വിവാദങ്ങളുടെ വായടപ്പിച്ച് ജഡേജ

By Web TeamFirst Published Mar 5, 2022, 8:29 PM IST
Highlights

Ravindra Jadeja : ഇന്ത്യന്‍ ടീം ഡിക്ലയര്‍ ചെയ്‌ത വിവാദത്തില്‍ ട്വിസ്റ്റ്, ചേരിതിരിഞ്ഞ് ആരാധകര്‍ ഏറ്റുമുട്ടുമ്പോള്‍ വെളിപ്പെടുത്തലുമായി രവീന്ദ്ര ജഡേജ

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ (IND vs SL 1st Test) ഒന്നാം ഇന്നിംഗ്‌സില്‍ വ്യക്തിഗത സ്‌കോര്‍ 175 നില്‍ക്കേ ഡിക്ലയര്‍ ചെയ്യാമെന്നറിയിച്ചത് താന്‍ തന്നെയെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (Ravindra Jadeja). ജഡേജയെ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ടീം (Team India ഡിക്ലയര്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (Rohit Sharma) പരിശീലകന്‍ രാഹുല്‍ ദ്രാവിഡും (Rahul Dravid) ശ്രമിക്കുകയായിരുന്നു എന്ന വിമര്‍ശനം ശക്തമായ പശ്‌ചാത്തലത്തിലാണ് ജഡേജയുടെ വിശദീകരണം.

'ഇരട്ട സെഞ്ചുറി നോട്ടമിടൂ, അതിന് ശേഷം ഡിക്ലയര്‍ ചെയ്യാം എന്നൊരു സന്ദേശം കുല്‍ദീപ് യാദവിലൂടെ രോഹിത് ശര്‍മ്മ അറിയിച്ചു. എന്നാല്‍ ആ നിര്‍ദേശത്തെ ഞാന്‍ എതിര്‍ത്തു. തളര്‍ന്നിരിക്കുന്ന ലങ്കന്‍ ബാറ്റര്‍മാരെ ചായക്ക് മുമ്പ് ബാറ്റിംഗിനയച്ചാല്‍ വേഗം വിക്കറ്റുകള്‍ ലഭിച്ചേക്കാം' എന്നുപറഞ്ഞു- മൊഹാലി ടെസ്റ്റിന്‍റെ രണ്ടാംദിനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ രവീന്ദ്ര ജഡേജ വെളിപ്പെടുത്തി

ചേരിതിരിഞ്ഞ് ആരാധകര്‍ 

മൊഹാലിയില്‍ ജഡേജ 175* റണ്‍സില്‍ നില്‍ക്കേ ഇന്ത്യന്‍ ടീം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഈ സമയം 574-8 എന്ന സ്‌കോറിലായിരുന്നു ഇന്ത്യ. രവീന്ദ്ര ജഡേജ 228 പന്തില്‍ 175* ഉം മുഹമ്മദ് ഷമി 34 പന്തില്‍ 20* ഉം റണ്‍സുമായാണ് ക്രീസിലുണ്ടായിരുന്നത്. പിന്നാലെ രോഹിത്തിനെയും ദ്രാവിഡിനേയും കടന്നാക്രമിച്ച് നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി. രണ്ടുമൂന്ന് ഓവര്‍ കൂടി അനുവദിച്ചിരുന്നെങ്കില്‍ ജഡേജ കന്നി ഇരട്ട സെഞ്ചുറി പേരിലാക്കുമായിരുന്നു എന്നായിരുന്നു ഇവരുടെ വാദം. ജഡേജയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് രോഹിത്ത് നിഷേധിച്ചത് എന്ന് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്‌തു. 

അതേസമയം രോഹിത്തിനും ദ്രാവിഡിനും പിന്തുണയുമായും ചിലര്‍ രംഗത്തെത്തി. ടെസ്റ്റില്‍ ദീര്‍ഘനേരം ബാറ്റ് ചെയ്ത് ക്ഷീണിതനായ ഒരു താരത്തിന് 2-3 ഓവര്‍ കൊണ്ട് 25 റണ്‍സ് നേടുക എളുപ്പമല്ല എന്നാണ് ഒരു ആരാധകന്‍റെ വാദം. ഫ്ലാറ്റ് പിച്ചില്‍ രണ്ടുവട്ടം ലങ്കയെ പുറത്താക്കേണ്ട ആവശ്യകത ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 2004ല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 194*ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഡിക്ലയര്‍ ചെയ്യിച്ച പഴയ തീരുമാനം ഓര്‍മ്മിപ്പിച്ചു ചില ആരാധകര്‍. എന്തായാലും ആരാധകര്‍ക്കിടയിലെ വലിയ പോരിന് ജഡേജയുടെ മറുപടിയോടെ വിരാമമായിരിക്കുന്നു. 

ജഡേജയുടെ തീരുമാനം വിജയം

ഇരട്ട സെഞ്ചുറിക്ക് മുമ്പ് ഡിക്ലയര്‍ ചെയ്യാനുള്ള ജഡേജയുടെ നിര്‍ദേശം ഇന്ത്യന്‍ ടീമിന് ഗുണം ചെയ്‌തതാണ് രണ്ടാം ദിനത്തിന്‍റെ അവസാന മണിക്കൂറുകളില്‍ കണ്ടത്. രണ്ടാംദിനം സ്റ്റംപെടുത്തപ്പോള്‍ 43 ഓവറില്‍ നാല് വിക്കറ്റിന് 108 റണ്‍സ് എന്ന നിലയില്‍ പ്രതിരോധത്തിലാണ് ലങ്ക. ജഡേജയും അശ്വിനും ബുമ്രയും ചേര്‍ന്നാണ് ലങ്കന്‍ മുന്‍നിരയെ വിറപ്പിച്ചത്. പതും നിസങ്ക (26), ചരിത് അസലങ്ക (1) എന്നിവരാണ് ക്രീസില്‍. ലാഹിരു തിരിമാനെ (17), ദിമുത് കരുണരത്‌നയെ (28), എയ്ഞ്ചലോ മാത്യൂസ് (22), ധനഞ്ജയ ഡി സില്‍വയും (1) എന്നിവരാണ് പുറത്തായ ലങ്കന്‍ ബാറ്റര്‍മാര്‍. 

IND vs SL : ലങ്കാദഹനം തുടങ്ങി, നാല് വിക്കറ്റ് നഷ്ടം; മൊഹാലിയില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍

click me!