ഗ്രീന്‍ഫീല്‍ഡിന്‍റെ ആകാശം 'സ്‌കൈ'യുടേതാകുമോ; എല്ലാ കണ്ണുകളും സൂര്യകുമാര്‍ യാദവില്‍

By Web TeamFirst Published Jan 15, 2023, 7:56 AM IST
Highlights

പരമ്പര സ്വന്തമാക്കിയതോടെ കാര്യവട്ടത്ത് ബാറ്റിംഗ് വെടിക്കെട്ടിനായി സൂര്യകുമാറുണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിന് ടീം ഇന്ത്യ ഇറങ്ങുമ്പോൾ സൂര്യകുമാർ യാദവാണ് ശ്രദ്ധാകേന്ദ്രം. സൂര്യകുമാർ പ്ലേയിംഗ് ഇലവനിൽ എത്തുമോയെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ. തകർപ്പൻ ഫോമിലാണ് സൂര്യകുമാ‍ർ യാദവ്. അവസാനമായി ഇന്ത്യക്കായി ക്രീസിലെത്തിയത് കഴിഞ്ഞയാഴ്‌ച രാജ്കോട്ട് ട്വന്‍റി 20യിലായിരുന്നു. സൂര്യകുമാർ 51 പന്തിൽ പുറത്താവാതെ 112 റൺസുമായി തിളങ്ങി.

പക്ഷേ ആദ്യ രണ്ട് ഏകദിനത്തിലും സൂര്യകുമാറിന് അവസരം കിട്ടിയില്ല. പരമ്പര സ്വന്തമാക്കിയതോടെ കാര്യവട്ടത്ത് ബാറ്റിംഗ് വെടിക്കെട്ടിനായി സൂര്യകുമാറുണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കാര്യവട്ടത്ത് അവസാനം കളിക്കാനെത്തിയപ്പോൾ തകർപ്പൻ ബാറ്റിംഗ് വിരുന്നാണ് സൂര്യകുമാർ നൽകിയത്. 33 പന്തിൽ 40 നോട്ടൗട്ടുമായി സൂര്യ അന്ന് കാണികളുടെ കയ്യടി വാങ്ങി. മുപ്പത്തിരണ്ടുകാരനായ സൂര്യകുമാർ 16 ഏകദിനങ്ങളിലേ ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ. രണ്ട് അർധസെഞ്ചുറികളോടെ 385 റൺസ് നേടിയപ്പോള്‍ 64 റൺസാണ് ഉയർന്ന സ്കോർ. 

ഒരുങ്ങി കാര്യവട്ടം

തിരുവനന്തപുരത്ത് ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന് നടക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. രാവിലെ പതിനൊന്നര മുതൽ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും. ആദ്യ രണ്ട് കളിയും ജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയുണ്ട്. നാട്ടിലേക്ക് മടങ്ങും മുമ്പ് ആശ്വാസജയമാണ് ലങ്കയുടെ ലക്ഷ്യം. ആദ്യ രണ്ട് ഏകദിനങ്ങളിലും പുറത്തിരുന്ന ഓപ്പണര്‍ ഇഷാന്‍ കിഷനും മധ്യനിര താരം സൂര്യകുമാര്‍ യാദവും പ്ലേയിംഗ് ഇലവനിലേക്ക് ഇന്ന് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെവന്നാല്‍ ശുഭ്‌മാന്‍ ഗില്ലും ശ്രേയസ് അയ്യരുമാകും പ്ലേയിംഗ് ഇലവന് പുറത്താവുക. 

കാര്യവട്ടത്ത് ക്രിക്കറ്റ് പൂരം; ലങ്കാവധം പൂര്‍ത്തിയാക്കാന്‍ ടീം ഇന്ത്യ
 

click me!