ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയുണ്ട്. നാട്ടിലേക്ക് മടങ്ങും മുമ്പ് ആശ്വാസജയമാണ് ലങ്കയുടെ ലക്ഷ്യം. 

കാര്യവട്ടം: തിരുവനന്തപുരം ഒരുങ്ങി, ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. രാവിലെ പതിനൊന്നര മുതൽ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും. ആദ്യ രണ്ട് കളിയും ജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയുണ്ട്. നാട്ടിലേക്ക് മടങ്ങും മുമ്പ് ആശ്വാസജയമാണ് ലങ്കയുടെ ലക്ഷ്യം. 

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇന്ത്യയുടെ ഭാഗ്യ വേദികളിലൊന്നാണ്. നാല് മത്സരങ്ങളിൽ മൂന്നിലും ജയിക്കാൻ ഇന്ത്യക്കായിട്ടുണ്ട്. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടം ഒരു അന്താരാഷ്‍ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. അവസാനം കാര്യവട്ടത്ത് ഇന്ത്യയോട് ഏറ്റുമുട്ടാനെത്തിയത് ദക്ഷിണാഫ്രിക്കയായിരുന്നു. സൂര്യകുമാർ യാദവിന്‍റെയും കെ എൽ രാഹുലിന്‍റേയും അർധ സെഞ്ചുറിയുടെ കരുത്തിൽ ട്വന്‍റി 20യിൽ ഇന്ത്യ ജയം എട്ട് വിക്കറ്റിന് വിജയിച്ചു. കൊല്‍ക്കത്ത ഏകദിനത്തില്‍ മാച്ച് വിന്നിംഗ് അര്‍ധ സെഞ്ചുറിയുമായി രാഹുല്‍ ഫോമിലാണ്. ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ തിരുവനന്തപുരത്ത് കളിക്കുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നു. 

മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യ-ശ്രീലങ്ക ടീമുകള്‍ ഇന്നലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ഗ്രീന്‍ഫീല്‍ഡിലെ പിച്ച് ബൗളര്‍മാരോട് ചായ്‌വ് കാണിക്കുന്നതാണ്. എന്നാല്‍ ചെറിയ ബൗണ്ടറികള്‍ പലപ്പോഴും ബാറ്റര്‍മാര്‍ മുതലെടുക്കാറുണ്ട്. ആദ്യ ഓവറുകളില്‍ പേസര്‍മാര്‍ക്ക് സ്വിങ് ലഭിക്കും. പിന്നീട് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകും. ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. മത്സരം കാണാന്‍ നേരിട്ട് സ്റ്റേഡിയത്തില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1എച്ച്ഡി എന്നീ ചാനലുകളിലൂടെ മത്സരം തല്‍സമയം കാണാം. ഡിസ്‌നി ഹോട് സ്റ്റാറിലൂടെ ഓണ്‍ലൈന്‍ സ്‌ട്രീമിങ്ങുമുണ്ട്. 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്ണൊഴുകുമോ? ഇന്ത്യ- ലങ്ക മൂന്നാം ഏകദിനം പിച്ച് റിപ്പോര്‍ട്ട്