'എല്ലാം പ്രഡിക്റ്റബിളാണ്'; ഉമ്രാന്‍ മാലിക്കിന്‍റെ ബൗളിംഗ് ന്യൂനതകള്‍ പറഞ്ഞ് പാക് മുന്‍ താരം

By Jomit JoseFirst Published Jan 7, 2023, 4:48 PM IST
Highlights

ഇന്ന് ട്വന്‍റി 20 പരമ്പര ജയം ലക്ഷ്യമിട്ട് ഇന്ത്യ രാജ്‌കോട്ടില്‍ ശ്രീലങ്കയെ നേരിടുമ്പോള്‍ കണ്ണുകള്‍ ഉമ്രാന്‍ മാലിക്കിലുണ്ട്

രാജ്‌കോട്ട്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി തീപാറും പേസുമായി അമ്പരപ്പിച്ച താരമാണ് ഉമ്രാന്‍ മാലിക്. ഇന്ത്യന്‍ കുപ്പായത്തിലും അതിവേഗം തുടരുകയാണ് ഉമ്രാന്‍ മാലിക്. ലങ്കയ്ക്കെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ട്വന്‍റി 20 പരമ്പരയില്‍ 150 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകളുമായി ഉമ്രാന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ വിക്കറ്റ് എടുക്കുമ്പോഴും റണ്‍സ് വഴങ്ങുന്നു എന്നൊരു പഴി ഉമ്രാന്‍ കേള്‍ക്കുന്നുണ്ട്. ഉമ്രാന്‍ മാലിക്കിന്‍റെ ബൗളിംഗിലെ പ്രശ്‌നങ്ങളും മേന്‍മകളും പറയുകയാണ് പാകിസ്ഥാന്‍ മുന്‍താരം സല്‍മാന്‍ ബട്ട്. 

'പരിചയസമ്പത്ത് കൂടുന്നതിന് അനുസരിച്ച് പ്രകടനം മെച്ചപ്പെടും. പരിചയസമ്പത്തിന്‍റെ അഭാവം കൊണ്ടാണ് ഉമ്രാന്‍ മാലിക് ഏറെ റണ്‍സ് വഴങ്ങുന്നത്. അദേഹം മികച്ച ഫോമിലാണ്. നല്ല ആക്ഷനാണ്. പേസ് ഉയരുന്നുണ്ട്. പ്രശ്‌നം എന്താണെന്ന് വച്ചാല്‍ പരിചയസമ്പന്നനായ ബാറ്ററാണെങ്കില്‍ ഉമ്രാന്‍റെ പേസ് നന്നായി ഉപയോഗിക്കും. ഉമ്രാന്‍ യോര്‍ക്കര്‍ എറിയുമോ, സ്ലോ പന്തുകള്‍ എറിയുമോ എന്ന് മുന്‍കൂട്ടി അറിയാനാകും. ഓഫ്‌സ്റ്റംപിന് പുറത്ത് ഉമ്രാന്‍ യോര്‍ക്കറുകള്‍ എറിയണം. പക്ഷേ അത് ചെയ്യുന്നില്ല. ബഞ്ചിലിരുന്നാല്‍ പരിചയം കിട്ടില്ല. അദേഹത്തിന് കളിക്കാന്‍ അവസരം നല്‍കണം. കാരണം ഉമ്രാന്‍ വിക്കറ്റ് എടുക്കുകയും ദുഷ്‌ക്കരമായ സാഹചര്യങ്ങളില്‍ മത്സരങ്ങള്‍ ജയിപ്പിക്കുകയും ചെയ്യും' എന്നും സല്‍മാന്‍ ബട്ട് പറഞ്ഞു.

ഇന്ന് ട്വന്‍റി 20 പരമ്പര ജയം ലക്ഷ്യമിട്ട് ഇന്ത്യ രാജ്‌കോട്ടില്‍ ശ്രീലങ്കയെ നേരിടുമ്പോള്‍ കണ്ണുകള്‍ ഉമ്രാന്‍ മാലിക്കിലുണ്ട്. മുംബൈയിലെ ആദ്യ ട്വന്‍റി 20യില്‍ 27 റണ്‍സിന് രണ്ടും പൂനെയില്‍ നടന്ന രണ്ടാം മത്സരത്തില്‍ നാല് ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ മൂന്ന് വിക്കറ്റും ഉമ്രാന്‍ നേടിയിരുന്നു. രാജ്കോട്ടിൽ വൈകീട്ട് ഏഴ് മണിക്ക് തുടങ്ങുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട് സ്റ്റാറിലും തത്സമയം കാണാം. മുംബൈയിൽ ടീം ഇന്ത്യയും പൂനെയിൽ ശ്രീലങ്കയും ജയിച്ചതോടെ രാജ്കോട്ടിലെ പോരാട്ടത്തിന് ഫൈനലിന്‍റെ ആവേശമാണ്. പുതിയ നായകൻ ഹാർദിക് പാണ്ഡ്യക്ക് കീഴിൽ യുവതാരങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ ഇന്ത്യൻ മണ്ണിലെ ആദ്യ ടി20 പരമ്പര വിജയമാണ് ശ്രീലങ്കയുടെ ഉന്നം. പരിക്കേറ്റ് മലയാളി താരം സഞ്ജു സാംസണ്‍ നേരത്തെ പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. 

നെറ്റ്‌സില്‍ അടിപൂരവുമായി കെ എല്‍ രാഹുല്‍; വല്ലതും നടക്കുമോയെന്ന് ആരാധകര്‍- വീഡിയോ

click me!