നെറ്റ്‌സില്‍ അടിപൂരവുമായി കെ എല്‍ രാഹുല്‍; വല്ലതും നടക്കുമോയെന്ന് ആരാധകര്‍- വീഡിയോ

By Web TeamFirst Published Jan 7, 2023, 4:18 PM IST
Highlights

ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയ്ക്ക് മുന്നോടിയായി കെ എല്‍ രാഹുല്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു

ബെംഗളൂരു: ടീം ഇന്ത്യയുടെ പ്രധാന ബാറ്റര്‍മാരില്‍ ഒരാളും വൈസ് ക്യാപ്റ്റനുമായിരുന്ന കെ എല്‍ രാഹുലിന് മോശം വര്‍ഷമായിരുന്നു 2022. തരക്കേടില്ലാത്ത ഐപിഎല്‍ സീസണിന് ശേഷം മൂന്ന് മാസത്തോളം സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന രാഹുലിന് പിന്നീട് ഇന്ത്യന്‍ കുപ്പായത്തില്‍ കാലിടറുന്നതാണ് ഏവരും കണ്ടത്. പ്രത്യേകിച്ച് ടീമിന്‍റെ പ്രധാന മത്സരങ്ങളില്‍ രാഹുല്‍ വെള്ളത്തില്‍ വരച്ച വരപോലെയായി. ഇതോടെ രാഹുലിനെ ടീമില്‍ നിന്ന് പുറത്താക്കണം എന്നുവരെ ആവശ്യം ഉയര്‍ന്നിരുന്നു. ലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുകയാണ് കെ എല്‍ രാഹുലിപ്പോള്‍.

പരമ്പരയ്ക്ക് മുന്നോടിയായി കെ എല്‍ രാഹുല്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ചൊവ്വാഴ്‌ച ഗുവാഹത്തിയില്‍ തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയ്‌ക്കായാണ് രാഹുലിന്‍റെ ഒരുക്കം. നെറ്റ്‌സില്‍ പരിശീലിക്കുന്നതിന്‍റെ വീഡിയോ ശനിയാഴ്‌ച രാഹുല്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. നെറ്റ്‌സില്‍ മികച്ച താളത്തോടെ ബാറ്റ് ചെയ്യുന്ന രാഹുലിനെയാണ് കാണുന്നത്. രാഹുലിനെ പിന്തുണയ്‌ക്കുന്നതിനൊപ്പം വീഡിയോയ്‌ക്ക് താഴെ വിമര്‍ശന കമന്‍റുകള്‍ നിറയ്ക്കുകയും ചെയ്തിട്ടുണ്ട് ആരാധകര്‍. ഗുവാഹത്തി(ജനുവരി 10), കൊല്‍ക്കത്ത(ജനുവരി 12), ജനുവരി 15(തിരുവനന്തപുരം) എന്നിങ്ങനെയാണ് ഇന്ത്യ-ലങ്ക ഏകദിനങ്ങള്‍. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ടീമില്‍ സ്ഥാനമുറപ്പിക്കേണ്ടത് രാഹുലിന് അനിവാര്യമാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KL Rahul👑 (@klrahul)

കഴിഞ്ഞ വര്‍ഷം 10 ഏകദിനങ്ങള്‍ കളിച്ച കെ എല്‍ രാഹുല്‍ 27.88 ശരാശരിയില്‍ 251 റണ്‍സാണ് നേടിയത്. രണ്ട് അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ 73 ആണ് ഉയര്‍ന്ന സ്കോര്‍. രാജ്യാന്തര ടി20കളില്‍ 16 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 28.93 ശരാശരിയില്‍ ആറ് അര്‍ധ സെഞ്ചുറികളോടെ 434 റണ്‍സാണ് നേട്ടം. 62 ആണ് ഉയര്‍ന്ന സ്കോര്‍. കഴിഞ്ഞ വര്‍ഷം നാല് ടെസ്റ്റ് മാത്രം കളിച്ചപ്പോള്‍ 137 റണ്‍സേയുള്ളൂ 17.12 ശരാശരിയില്‍. 

ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്‌ദീപ് സിംഗ്, ജസ്‌പ്രീത് ബുമ്ര. 

വീണ്ടും താരലേല ആവേശം; വനിതാ ഐപിഎല്‍ ലേല വിവരങ്ങള്‍ പുറത്ത്

click me!