
ലഖ്‌നൗ: കടുത്ത അല്ലു അര്‍ജുന്‍ (Allu Arjun) ആരാധകനാണ് രവീന്ദ്ര ജഡേജയെന്ന് (Ravindra Jadeja) അടുത്തിടെ വ്യക്തമായതാണ്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡീയ പേജുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കും. അല്ലുവിന്റെ ഏറ്റവും പുതിയ സിനിമയായ പുഷ്പയിലെ (Pushpa Movie) ചില രംഗങ്ങള്‍ അനുകരിച്ച് ജഡേജ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല, പുഷ്പയില്‍ അല്ലു ചെയ്യുന്ന കഥാപാത്രത്തെ ഉള്‍കൊണ്ടുള്ള ചില ചിത്രങ്ങളും താരം പങ്കുവെക്കുകയുണ്ടായി. ഇപ്പോള്‍ അല്ലുവിനോടുള്ള ആരാധന ഗ്രൗണ്ടിലും കാണിച്ചിരിക്കുകയാണ് ജഡേജ.
ശ്രീലങ്കന്‍ താരം ദിനേശ് ചാന്ദിമലിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷമായിരുന്നു ജഡേജയുടെ പുഷ്പ സ്റ്റൈല്‍ ആഘോഷം. പത്താം ഓവറിലാണ് ചാന്ദിമലിനെ ജഡേജ വീഴ്ത്തുന്നത്. ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ താരത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നാലെയാണ് ജഡേജ തന്റെ ആരാധന തുറന്നു കാണിച്ചത്. വീഡിയോ കാണാം...
നേരത്തെ, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പുഷ്പയിലെ നൃത്തച്ചുവടുകള്‍ അനുകരിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിനിടെയായിരുന്നു കോലി അല്ലുവിന്റെ നൃത്തച്ചുവടുകള്‍ ഗ്രൗണ്ടില്‍ അനുകരിച്ചത്. നേരത്തെ പുഷ്പയിലെ നൃത്തച്ചുവടുകളുമായി ഡേവിഡ് വാര്‍ണര്‍, ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ജേസണ്‍ റോയ് എന്നിവരെല്ലാം രംഗത്തെത്തിയിരുന്നു.
ശ്രീലങ്കയ്‌ക്കെതിരെ ഒരു വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. നാല് ഓവറില്‍ 28 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ബാറ്റിംഗില്‍ നാല് പന്ത് നേരിട്ട ജഡേജ മൂന്ന് റണ്‍സെടുത്തു. നാലാമനായി ക്രീസിലെത്തിയ ജഡേജ മികച്ച ഫോമില്‍ കളിക്കുകയായിരുന്നു ശ്രേയസ് അയ്യരെ (28 പന്തില്‍ 57) പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്.
ജഡേജയ്ക്ക് ബാറ്റിംഗ് നിരയില്‍ സ്ഥാനക്കയറ്റം നല്‍കിയതിനെ കുറിച്ച് രോഹിത് മത്സരശേഷം സംസാരിച്ചിരുന്നു. ക്യാപ്റ്റന്റെ വാക്കുകള്‍... ''ജഡേജ ടീമിലേക്ക് തിരിച്ചെത്തിയതില്‍ ഞാന്‍ സന്തോഷവാനാണ്. അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ടീം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയത്. വരും മത്സരങ്ങളിലും ഇത് പ്രതീക്ഷിക്കാം. അദ്ദേഹം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നത് കാണാനാണ് എനിക്ക് ആഗ്രഹം. ഏറെ പുരോഗതി കൈവരിച്ച ബാറ്ററാണ് ജഡേജ. അദ്ദേഹത്തെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നുള്ള കാര്യത്തില്‍ ഞങ്ങള്‍ക്ക് കൃത്മായ ബോധ്യമുണ്ട്.'' രോഹിത് വ്യക്തമാക്കി.
62 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 53 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ധര്‍മശാലയില്‍ നടക്കും.
ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെയും ടീം എന്ന നിലയില്‍ ഇന്ത്യയുടെയും തുടര്‍ച്ചയായ പത്താം ജയം. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 199-2, ശ്രീലങ്ക ഓവറില്‍ 20 ഓവറില്‍ 137-6.