
ഡൊമിനിക്ക: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവും. ഡൊമിനിക്കയിൽ ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
വിൻഡീസിനെതിരെ ആദ്യ പോരിനിറങ്ങുമ്പോൾ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് കൂടിയാണ് തുടക്കമാവുന്നത്. മൂന്നാം പേസറായി ആരെ ടീമിൽ ഉൾപ്പെടുത്തണം എന്നതാണ് ടീം ഇന്ത്യക്ക് മുന്നിലുള്ള പ്രധാന തലവേദന. ജയദേവ് ഉനദ്‌കട്ട്, മുകേഷ് കുമാർ, നവദീപ് സെയ്‌നി എന്നിവരാണ് മൂന്നാം പേസറായി ടീമിലെത്താൻ മത്സരിക്കുന്നത്. ഒരേവേഗത്തിൽ കൂടുതൽ ഓവറുകൾ എറിയാൻ കഴിയും എന്നതാണ് സെയ്‌നിയുടെ പ്രത്യേകത. ഇടംകൈയൻ പേസറെ പരിഗണിച്ചാൽ ഉനദ്‌കട്ട് ടീമിലെത്തും. ബംഗാൾ പേസറായ മുകേഷ് കുമാർ ടീമിലെ പുതുമുഖമാണ്. മുഹമ്മദ് സിറാജും ഷാർദുൽ താക്കൂറും ടീമിൽ ഇടംപിടിക്കുമെന്ന് ഉറപ്പ്.
സ്‌പിന്നർമാരായി ആർ അശ്വിനെയും രവീന്ദ്ര ജഡേജയയെയും കളിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ അശ്വിനെ കളിപ്പിക്കാതിരുന്നത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ബാറ്റിംഗ് നിരയിൽ ചേതേശ്വർ പൂജാരയുടെ പകരക്കാനാവാൻ മത്സരിക്കുന്നത് യശസ്വി ജയ്സ്വാളും റുതുരാജ് ഗെയ്‌ക്‌വാദുമാണ്. രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും വിരാട് കോലിയും അജിങ്ക്യ രഹാനെയും ഉൾപ്പെട്ട ബാറ്റിംഗ് നിരയിൽ മാറ്റത്തിന് സാധ്യതയില്ല. അഞ്ച് ടെസ്റ്റാണ് ഇതിന് മുൻപ് ഡൊമിനിക്കയിൽ നടന്നത്. ഇതില്‍ ഒരിക്കൽ മാത്രമാണ് വിൻഡീസ് ജയിച്ചത്. സമീപകാലത്തെ മോശം പ്രകടനങ്ങളില്‍ നിന്നുകൂടി വിന്‍ഡീസിന് കരകയറണം.
ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.
Read more: പമ്പരം കണക്ക് കറങ്ങിക്കറങ്ങി താരങ്ങള്‍; പുതിയ ഫീല്‍ഡിംഗ് പരിശീലനവുമായി ഇന്ത്യന്‍ ടീം- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം