ആദ്യ ടെസ്റ്റിനായി ഇന്ത്യന്‍ ടീം ഇതിനകം ഡൊമിനിക്കയില്‍ എത്തിയിട്ടുണ്ട്. 12-ാം തിയതിയാണ് വിന്‍ഡീസ്-ഇന്ത്യ ആദ്യ ടെസ്റ്റ്.

ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി കഠിന പരിശീലനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതോടെ പ്രതിരോധത്തിലായ പല താരങ്ങള്‍ക്കും വിന്‍ഡീസിനെതിരായ പരമ്പരയിലെ പ്രകടനം നിര്‍ണായകമാണ്. വരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസിലേത് എന്നതിനാല്‍ പരമ്പര തൂത്തുവാരി തുടങ്ങുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റേയും ലക്ഷ്യം. ഇതിന് കഠിനവും വ്യത്യസ്‌തവുമായ പരിശീലനമുറകളാണ് ടീം പിന്തുടരുന്നത്. 

ഡൊമിനിക്ക വേദിയാവുന്ന ആദ്യ ടെസ്റ്റിന് മുമ്പ് വ്യത്യസ്‌തമായ ഫീല്‍ഡിംഗ് പരിശീലനം നടത്തി ടീം ഇന്ത്യ. ക്രിക്കറ്റ് ബോളോ ടെന്നീസ് ബോളോ കൊണ്ടല്ല ഈ പരിശീലനം എന്നതാണ് ഏറ്റവും ശ്രദ്ധേയം. മുകളിലേക്ക് കറക്കി എറിയുന്ന ത്രികോണാകൃതിയിലുള്ള ഫ്ലൈയിംഗ് ഡിസ്‌ക് എറിഞ്ഞ് ഒറ്റകൈ കൊണ്ട് പിടിച്ചായിരുന്നു ഈ വേറിട്ട പരിശീലനം. വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, അജിങ്ക്യ രഹാനെ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ താരങ്ങള്‍ ഈ പരിശീലനത്തില്‍ പങ്കെടുത്തു. താരങ്ങള്‍ക്ക് നിര്‍ദേശവുമായി സമീപത്ത് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനേയും കാണാം. ഇതിന്‍റെ ദൃശ്യങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

Scroll to load tweet…

ആദ്യ ടെസ്റ്റിനായി ഇന്ത്യന്‍ ടീം ഇതിനകം ഡൊമിനിക്കയില്‍ എത്തിയിട്ടുണ്ട്. 12-ാം തിയതിയാണ് വിന്‍ഡീസ്-ഇന്ത്യ ആദ്യ ടെസ്റ്റ്. രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റ് ജൂലൈ 20 മുതല്‍ ട്രിനിഡാഡില്‍ നടക്കും. ഇരു ടീമുകളും സ്‌ക്വാഡുകളെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി. 

Read more: 'ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ'; വിരാട് കോലിയുടെ വര്‍ക്കൗട്ട് ചിത്രം കണ്ട് അന്തംവിട്ട് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News