പുരാന്‍ പൂരമായി, വാലറ്റം പാരയായി; രണ്ടാം ട്വന്‍റി 20യും തോറ്റമ്പി ടീം ഇന്ത്യ

Published : Aug 06, 2023, 11:45 PM ISTUpdated : Aug 07, 2023, 12:00 AM IST
പുരാന്‍ പൂരമായി, വാലറ്റം പാരയായി; രണ്ടാം ട്വന്‍റി 20യും തോറ്റമ്പി ടീം ഇന്ത്യ

Synopsis

40 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം 67 റണ്‍സെടുത്ത പുരാന്‍റെ ക്യാച്ച് സഞ്ജു സാംസണിനായിരുന്നു

ഗയാന: വെസ്റ്റ് ഇന്‍ഡീസിന് എതിരായ അഞ്ച് ട്വന്‍റി 20കളുടെ പരമ്പരയിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ടീം ഇന്ത്യക്ക് തോല്‍വി. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം വേദിയായ രണ്ടാം ടി20യില്‍ 2 വിക്കറ്റിന്‍റെ തോല്‍വിയാണ് ഹാർദിക് പാണ്ഡ്യയും സംഘവും നേരിട്ടത്. 153 റണ്‍സ് വിജയലക്ഷ്യം ആതിഥേയർ 7 പന്ത് ബാക്കിനില്‍ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. അർധസെഞ്ചുറിയുമായി നിക്കോളാസ് പുരാന്‍ വിന്‍ഡീസിന്‍റെ വിജയശില്‍പിയായി. അവസാന ഓവറുകളില്‍ മത്സരം ഇഞ്ചോടിഞ്ചായപ്പോള്‍ ഒന്‍പതാം വിക്കറ്റിലെ അല്‍സാരി ജോസഫ്- അക്കീല്‍ ഹുസൈന്‍ പിരിയാത്ത കൂട്ടുകെട്ടാണ് ഇന്ത്യക്ക് പണിയായത്. ജയത്തോടെ പരമ്പരയില്‍ 2-0ന് വിന്‍ഡീസ് ലീഡുറപ്പിച്ചു. ആദ്യ ടി20 നാല് റണ്‍സിന് കരീബിയന്‍ ടീം ജയിച്ചിരുന്നു. 

തിലക് തിളക്കം

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 152 റണ്‍സാണെടുത്തത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ തിലക് വര്‍മ്മ അര്‍ധസെഞ്ചുറി നേടി. തിലക് 41 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സെടുത്തു. ഓപ്പണര്‍ ഇഷാന്‍ കിഷന്‍(23 പന്തില്‍ 27), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ(18 പന്തില്‍ 24), ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍(12 പന്തില്‍ 14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. ശുഭ്‌മാന്‍ ഗില്‍(9 പന്തില്‍ 7), സൂര്യകുമാര്‍ യാദവ്(3 പന്തില്‍ 1), സഞ‌്ജു സാംസണ്‍(7 പന്തില്‍ 7) എന്നിവര്‍ തിളങ്ങാതിരുന്നപ്പോള്‍ രവി ബിഷ്‌ണോയിയും(4 പന്തില്‍ 8*), അര്‍ഷ്‌ദീപ് സിംഗും(3 പന്തില്‍ 6*) പുറത്താവാതെ നിന്നു. വിന്‍ഡീസിനായി അക്കീല്‍ ഹുസൈനും അല്‍സാരി ജോസഫും റൊമാരിയോ ഷെഫേര്‍ഡും രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി. 

പാണ്ഡ്യപ്പട, പുരാന്‍ പൂരം

വിന്‍ഡീസിന്‍റെ മറുപടി ബാറ്റിംഗില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഒന്നാം പന്തില്‍ ബ്രാണ്ടന്‍ കിംഗിനെ ഗോള്‍ഡന്‍ ഡക്കാക്കി. നാലാം ബോളില്‍ ജോണ്‍സണ്‍ ചാള്‍സിനെ(3 പന്തില്‍ 2) തിലകിന്‍റെ കൈകളില്‍ എത്തിച്ചു. ഇന്നിംഗ്‌സിലെ നാലാം ഓവറിലെ നാലാം പന്തില്‍ കെയ്‌ല്‍ മെയേഴ‌്‌സിനെ(7 പന്തില്‍ 15) അര്‍ഷ്‌ദീപ് പുറത്താക്കിയതോടെ വിന്‍ഡീസ് 32-3. നാലാമനായി ക്രീസിലെത്തി കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പുരാന്‍ വെടിക്കെട്ടുമായി 29 പന്തില്‍ തന്‍റെ ഫിഫ്റ്റി തികച്ചു. പുരാനൊപ്പം നായകന്‍ റോവ്‌മാന്‍ പവല്‍ കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും അടുത്ത വരവില്‍ പാണ്ഡ്യ ബ്രേക്ക് ത്രൂ നേടി. 19 പന്തില്‍ 21 റണ്‍സുമായി മുകേഷ് കുമാറിന്‍റെ ക്യാച്ചില്‍ പവല്‍ മടങ്ങി. 10 ഓവറില്‍ 91-4 എന്ന സ്കോറിലായിരുന്നു വിന്‍ഡീസ്.

ഇന്ത്യന്‍ തിരിച്ചുവരവും തോല്‍വിയും

നിക്കോളാസ് പുരാന്‍ തകർത്തടിക്കവെ കന്നി ടി20 വിക്കറ്റുമായി മുകേഷ് കുമാർ ഞെട്ടിച്ചു. 40 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം 67 റണ്‍സെടുത്ത പുരാന്‍റെ ക്യാച്ച് സഞ്ജു സാംസണിനായിരുന്നു. വിന്‍ഡീസ് അനായാസം ലക്ഷ്യത്തിലെത്തും എന്ന് തോന്നിച്ചെങ്കിലും ഷിമ്രോന്‍ ഹെറ്റ്‍മെയറുമായുള്ള ആശയക്കുഴപ്പത്തില്‍ റൊമാരിയോ ഷെഫേർഡ് പൂജ്യത്തില്‍ റണ്ണൗട്ടായി. പിന്നാലെ ചഹലിന്‍റെ പന്തില്‍ ജേസന്‍ ഹോള്‍ഡറെ(3 പന്തില്‍ 0) കിഷന്‍ സ്റ്റംപ് ചെയ്തു. ഒരു പന്തിന്‍റെ ഇടവേളയില്‍ ഹെറ്റ്‍മെയർ(22 പന്തില്‍ 22) എല്‍ബിയായി. ഇതോടെ ടീം ഇന്ത്യ ജയം പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ പുറത്താകാതെ 10 പന്തില്‍ 16* റണ്‍സെടുത്ത അക്കീല്‍ ഹുസൈനും 8 പന്തില്‍ 10* നേടിയ അല്‍സാരി ജോസഫും വിജയം ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തു. 

Read more: 'എന്തിന്‍റെ ആവശ്യമായിരുന്നു'; വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു സാംസണ്‍! ആരാധകര്‍ ഹാപ്പിയല്ല- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍