തിലക് വര്‍മ്മ തിളക്കം, രണ്ടാം ട്വന്‍റി 20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍; സ‌ഞ്ജു സാംസണ്‍ നിരാശ

Published : Aug 06, 2023, 09:41 PM ISTUpdated : Aug 06, 2023, 09:45 PM IST
തിലക് വര്‍മ്മ തിളക്കം, രണ്ടാം ട്വന്‍റി 20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍; സ‌ഞ്ജു സാംസണ്‍ നിരാശ

Synopsis

സഞ്ജു ഒരിക്കല്‍ക്കൂടി അവസരം വിനിയോഗിക്കാതെ വന്നപ്പോള്‍ അരങ്ങേറ്റത്തിന് പിന്നാലെയുള്ള കളിയിലും തിളങ്ങി തിലക് വര്‍മ്മ

ഗയാന: കരിയറിലെ തുടര്‍ച്ചയായ രണ്ടാം രാജ്യാന്തര ട്വന്‍റി 20യിലും ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മ്മ തിളങ്ങിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ 153 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടി ടീം ഇന്ത്യ. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം വേദിയാവുന്ന രണ്ടാം ട്വന്‍റി 20യില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 152 റണ്‍സെടുത്തു. തിലക് വര്‍മ്മ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ മലയാളി താരം സഞ‌്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി ബാറ്റിംഗ് പരാജയമായി. 

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യക്ക് അമിത തിടുക്കം തുടക്കത്തിലെ വിനയായി. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ അല്‍സാരി ജോസഫ് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്തില്‍ സിക്‌സര്‍ പറത്തിയ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ തൊട്ടടുത്ത ബോളില്‍ കൂറ്റനടിക്ക് ശ്രമിച്ച് എഡ്‌ജായി ഡീപ് ബാക്ക്‌വേഡ് പോയിന്‍റില്‍ ഷിമ്രോന്‍ ഹെറ്റ്‌മെയറുടെ കൈകളില്‍ അവസാനിച്ചു. 9 പന്തില്‍ 7 റണ്‍സേ ഗില്ലിനുള്ളൂ. തൊട്ടടുത്ത ഒബെഡ് മക്കോയിയുടെ ഓവറില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ സൂര്യകുമാര്‍ യാദവ്(3 പന്തില്‍ 1) കെയ്‌ല്‍ മെയേഴ്‌സിന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി. കഴിഞ്ഞ മത്സരത്തില്‍ സഞ്ജു സാംസണിന് പറ്റിയ അബദ്ധം ആവര്‍ത്തിക്കുകയായിരുന്നു സ്കൈ. സഞ്ജു പുറത്തായതും മെയേഴ്‌സിന്‍റെ നേരിട്ടുള്ള ത്രോയിലൂടെയായിരുന്നു.

സഞ്ജു നിരാശ

മറ്റൊരു ഓപ്പണര്‍ ഇഷാന്‍ കിഷനും രണ്ടാം രാജ്യാന്തര ട്വന്‍റി 20 മാത്രം കളിക്കുന്ന നാലാം നമ്പര്‍ താരം തിലക് വര്‍മ്മയും ക്രീസില്‍ നില്‍ക്കേ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 34-2 എന്ന നിലയിലായിരുന്നു ഇന്ത്യ. 23 പന്തില്‍ 27 റണ്‍സെടുത്ത കിഷന്‍, റൊമാരിയോ ഷെഫേഡിന്‍റെ ഉഗ്രന്‍ പന്തില്‍ ബൗള്‍ഡായപ്പോള്‍ സ്ഥാനക്കയറ്റം കിട്ടി സഞ്ജു സാംസണ്‍ അഞ്ചാമനായി ക്രീസിലെത്തി. ആദ്യ ട്വന്‍റി 20യില്‍ ആറാമനായായിരുന്നു സഞ്ജു ക്രീസിലെത്തിയിരുന്നത്. വന്നയുടന്‍ രണ്ടാം പന്തില്‍ ബൗണ്ടറി നേടിയെങ്കിലും അമിതാവേശം സഞ്ജുവിനും വിനയായി. അക്കീല്‍ ഹൊസൈനെ ക്രീസ് വിട്ടിറങ്ങി പറത്താന്‍ ശ്രമിച്ച സഞ്ജുവിനെ(7 പന്തില്‍ 7) കീപ്പര്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്തു.

സഞ്ജു ഒരിക്കല്‍ക്കൂടി അവസരം വിനിയോഗിക്കാതെ വന്നപ്പോള്‍ അരങ്ങേറ്റത്തിന് പിന്നാലെയുള്ള കളിയില്‍ 39 പന്തില്‍ അര്‍ധസെഞ്ചുറിയുമായി 15-ാം ഓവറില്‍ തിലക് വര്‍മ്മ ഇന്ത്യയെ 100 കടത്തി. തൊട്ടടുത്ത അക്കീലിന്‍റെ ഓവറില്‍ തിലക് ബൗണ്ടറിയില്‍ മക്കോയിയുടെ ക്യാച്ചില്‍ മടങ്ങി. ടി20 അരങ്ങേറ്റത്തില്‍ 22 പന്തില്‍ 39 റണ്‍സ് നേടിയ തിലക് രണ്ടാം മത്സരത്തില്‍ 41 പന്തില്‍ 51 റണ്‍സെടുത്തു. പോരാടാന്‍ ഒന്ന് ശ്രമിച്ചുനോക്കിയെങ്കിലും 18-ാം ഓവറിലെ അവസാന പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ(18 പന്തില്‍ 24) ബൗള്‍ഡായി. അല്‍സാരി ജോസഫിനായിരുന്നു വിക്കറ്റ്. ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ അക്സര്‍ പട്ടേലിനെ(12 പന്തില്‍ 14) ഷെഫേര്‍ഡ് പുറത്താക്കിയപ്പോള്‍ രവി ബിഷ്‌ണോയിയും(4 പന്തില്‍ 8*), അര്‍ഷ്‌ദീപ് സിംഗും(3 പന്തില്‍ 6*) ചേര്‍ന്ന് ഇന്ത്യയെ 150 കടത്തുകയായിരുന്നു. 

Read more: 'എന്തൊക്കെ ബഹളമായിരുന്നു, ഒടുവില്‍ പവനായി...'; ​ഗില്ലിനെയും സൂര്യയേയും പൊരിച്ച് ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ, സാധ്യതാ ഇലവന്‍
'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍