
മുംബൈ: ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ വലിയ തലവേദന ലക്ഷണമൊത്ത ഒരു ഓള്‍റൗണ്ടറായിരുന്നു. എന്നാല്‍ വെങ്കടേഷ് അയ്യരുടെ (Venkatesh Iyer) വരവോടെ ആ പ്രശ്‌നം ഏറെക്കുറെ പരിഹരിച്ചെന്ന് പറയാം. വിന്‍ഡീസിനെതിരെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമാതായിരുന്നു വെങ്കടേഷ്. 92 റണ്‍സാണ് താരം നേടിയത്. കൂടാതെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്താനും വെങ്കടേഷിനായി.
സ്ഥിരതയാര്‍ന്ന പ്രകടനം സെലക്റ്റര്‍മാരുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ വെങ്കടേഷിന്റെ വരവോടെ ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) വഴിയാണ് അടയുന്നത്. ഇക്കാര്യം മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ (Wasim Jaffer) വിലയിരുത്തുകയും ചെയ്തു. ടി20 ലോകകപ്പിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ആരെയെടുക്കണമെന്നുള്ള കാര്യത്തില്‍ ടീം മാനേജ്‌മെന്റിന് കൂടുതലൊന്നും ചിന്തിക്കാനുണ്ടാവില്ലെന്നാണ് ജാഫറിന്റെ അഭിപ്രായം.
അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഹാര്‍ദിക് ഇനി പന്തെറിയുമോ ഇല്ലയോ എന്ന് ഒരുറപ്പുമില്ല. അയാള്‍ എത്രത്തോളം ഫിറ്റാണെന്നുള്ളത് നമുക്കറിയില്ല. വരാനിരിക്കുന്ന ഐപിഎല്ലില്‍ മാത്രമേ നമുക്ക് ഇക്കാര്യത്തില്‍ ഉത്തരം ലഭിക്കുകയുള്ളൂ. നിലവില്‍ ഹാര്‍ദിക്കിനേക്കാള്‍ എത്രയോ മുന്നിലാണ് വെങ്കടേഷ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വെങ്കടേഷ് അവകാശവാദമുന്നയിച്ചുകഴിഞ്ഞു. ഹാര്‍ദിക്കിന് മുന്നിലാണ് വെങ്കടേഷിപ്പോള്‍.'' ജാഫര്‍ പറഞ്ഞു.
പുറത്താവാതെ നേടിയ 35 റണ്‍സാണ് പരമ്പരയില്‍ വെങ്കടേഷിന്റെ ഉയര്‍ന്ന സ്‌കോര്‍. 10 ബൗണ്ടറികളും നാലു സിക്സറുകളും വെങ്കടേഷ് ഒന്നാകെ നേടുകയും ചെയ്തു. പരമ്പരയില്‍ കൂടുതല്‍ ബൗണ്ടറികളടിച്ച താരവും അദ്ദേഹം തന്നെ. അഞ്ചാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവ്- വെങ്കടേഷ് കൂട്ടുകെട്ട് 91 റണ്‍സാണ് നേടിയത്. ഇതുതന്നെയാ ഇന്ത്യയുടെ സ്‌കോര്‍ 180 കടത്താന്‍ സഹായിച്ചത്. അവസാനത്തെ അഞ്ചോവറില്‍ മാത്രം ഇരുവരും 86 റണ്‍സ് അടിച്ചുകൂട്ടി.
17 റണ്‍സിന്റെ വിജയമാണ് മൂന്നാം ടി20യില്‍ ഇന്ത്യ സ്വന്തമാക്കിയത്. 185 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു വീശിയ വെസ്റ്റ് ഇന്‍ഡീസിന് ഒമ്പതിന് 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 61 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് വിന്‍ഡീസിനു വിജയപ്രതീക്ഷ നല്‍കിയത്.
ഇനി ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം 24 നടക്കും. ശേഷം രണ്ട് ടെസ്റ്റുകളിലും ഇരു ടീമുകള്‍ നേര്‍ക്കുനേര്‍ വരും.