
കൊല്‍ക്കത്ത: ടി20 ക്രിക്കറ്റില്‍ (T20I) രോഹിത് ശര്‍മ്മ (Rohit Sharma) നല്‍കുന്ന മിന്നും തുടക്കമാണ് ടീം ഇന്ത്യയുടെ (Team India) നട്ടെല്ലെന്ന് വിന്‍ഡീസ് മുന്‍ പേസര്‍ ഇയാന്‍ ബിഷപ്പ് (Ian Bishop). വെസ്റ്റ് ഇന്‍ഡീസിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ ടി20യില്‍ (IND vs WI 1st T20I) ഹിറ്റ്‌മാന്‍ (Hitman) ടീം ഇന്ത്യക്ക് നല്‍കിയ വെടിക്കെട്ട് തുടക്കം ഓര്‍മ്മിപ്പിച്ചാണ് ഇയാന്‍ ബിഷപ്പിന്‍റെ പ്രതികരണം.
'ലോകകപ്പിന് ശേഷം രോഹിത് തീരുമാനിച്ചു'...
'ഇത്തരത്തിലുള്ള പവര്‍പ്ലേയാണ് ടീം ഇന്ത്യക്ക് ആവശ്യം. പ്രത്യേകിച്ച് റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്ന ടീമുകള്‍ക്കെതിരെ. ഇഷാന്‍ അതിവേഗ സ്‌കോറിംഗായിരുന്നില്ല. എന്നാല്‍ മുന്നില്‍ നിന്ന് അക്രമണോത്സുകതയോടെ നയിക്കുന്ന ക്യാപ്റ്റന്‍റെ കളിയാണ് ഇന്ത്യ മുന്നില്‍ക്കാണേണ്ടത്. ടി20 ലോകകപ്പിന് ശേഷം പവര്‍പ്ലേയില്‍ അതിവേഗ സ്‌കോറിംഗ് വേണമെന്ന് രോഹിത് ശര്‍മ്മ തീരുമാനിച്ചിട്ടുണ്ടാകാം' എന്നും വിന്‍ഡീസ് മുന്‍താരം പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ രോഹിത് ശര്‍മ്മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 58 റണ്‍സ് ടീം ഇന്ത്യ അടിച്ചുകൂട്ടിയിരുന്നു. സഹഓപ്പണര്‍ ഇഷാന്‍ കിഷന്‍ കൂറ്റനടികള്‍ മറന്നപ്പോഴായിരുന്നു രോഹിത്തിന്‍റെ വെടിക്കെട്ട്. രോഹിത് 19 പന്തില്‍ മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും സഹിതം 40 റണ്‍സെടുത്തു. രോഹിത്തിന്‍റെ ഇന്നിംഗ്‌സാണ് മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറ പാകിയത്. അതേസമയം പതിവ് താളം കണ്ടെത്താന്‍ കിതച്ച സഹഓപ്പണര്‍ ഇഷാന്‍ കിഷന്‍ 42 പന്തില്‍ 35 റണ്‍സേ നേടിയുള്ളൂ.
രണ്ടാം ടി20 ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര
ഇന്ത്യ-വിൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. കൊൽക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. ജയിച്ചാല്‍ ടീം ഇന്ത്യക്ക് ടി20 പരമ്പര സ്വന്തമാക്കാം. ഒന്നാം ടി20യിൽ ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു. വിൻഡീസിന്‍റെ 157 റണ്‍സ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഏഴ് പന്ത് ശേഷിക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. സൂര്യകുമാര്‍ 18 പന്തില്‍ 34 ഉം വെങ്കടേഷ് 13 പന്തില്‍ 24 ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 43 പന്തിൽ 61 റൺസെടുത്ത നിക്കോളാസ് പുരാന്‍റെ പോരാട്ടമാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 90 റൺസിനിടെ വിൻഡീസിന് അഞ്ച് വിക്കറ്റ് നഷ്‌ടമായിരുന്നു. നാല് ഓവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റുമായി അരങ്ങേറ്റക്കാരൻ രവി ബിഷ്ണോയ് മത്സരത്തിലെ താരമായി. ഹര്‍ഷല്‍ പട്ടേല്‍ രണ്ടും ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും യുസ്‌വേന്ദ്ര ചാഹലും ഓരോ വിക്കറ്റും വീഴ്‌ത്തി.