കൊല്‍ക്കത്തയില്‍ തന്നെ നടന്ന ആദ്യ ടി20യില്‍ മൂന്ന് സിക്‌സറുകള്‍ സഹിതം 19 പന്തില്‍ 40 റണ്‍സ് നേടിയിരുന്നു രോഹിത് ശര്‍മ്മ

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര (IND vs WI T20Is) സ്വന്തമാക്കാന്‍ ടീം ഇന്ത്യ (Team India) ഇന്നിറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രം നായകന്‍ രോഹിത് ശര്‍മ്മ (Rohit Sharma). രാജ്യാന്തര ടി20 റണ്‍വേട്ടയില്‍ മുന്‍ നായകന്‍ വിരാട് കോലിയുമായി (Virat Kohli) ഇഞ്ചോടിഞ്ച് പോരടിക്കുന്ന രോഹിത് രണ്ട് റെക്കോര്‍ഡുകള്‍ക്ക് അരികെയാണ്. 

ഇന്ന് വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ മൂന്ന് സിക്‌സര്‍ കൂടി നേടിയാല്‍ രോഹിത് ശര്‍മ്മയ്‌ക്ക് ഏതെങ്കിലുമൊരു ടീമിനെതിരെ ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്താം. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്, അഫ്‌ഗാന്‍റെ ഹസ്രത്തുള്ള സസായി എന്നിവരെയാണ് ഹിറ്റ്‌മാന്‍ പിന്തള്ളുക. ഫിഞ്ച് ഇംഗ്ലണ്ടിനെതിരെയും സസായി അയര്‍ലന്‍ഡിനെതിരെയും 34 സിക്‌സറുകള്‍ നേടിയെങ്കില്‍ രോഹിത് വിന്‍ഡീസിനെതിരെ 32 എണ്ണമാണ് ഇതുവരെ അടിച്ചുകൂട്ടിയത്. മത്സരത്തില്‍ മറ്റൊരു നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നു. രാജ്യാന്തര ടി20യില്‍ ഏതെങ്കിലുമൊരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്താന്‍ 36 റണ്‍സ് കൂടി മതി രോഹിത് ശര്‍മ്മയ്‌ക്ക്. ഇംഗ്ലണ്ടിനെതിരെ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് 594 റണ്‍സ് നേടിയിട്ടുണ്ടെങ്കില്‍ വിന്‍ഡീസിനോട് രോഹിത്തിന് 559 റണ്‍സുണ്ട്. 

കൊല്‍ക്കത്തയില്‍ തന്നെ നടന്ന ആദ്യ ടി20യില്‍ മൂന്ന് സിക്‌സറുകള്‍ സഹിതം 19 പന്തില്‍ 40 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയ്‌ക്ക് അനായാസം നാഴികക്കല്ലുകള്‍ പിന്നിടാനായേക്കും. 

ഇന്ത്യ-വിൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. കൊൽക്കത്തയിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. പരമ്പര നേടാന്‍ ടീം ഇന്ത്യയിറങ്ങുമ്പോള്‍ പരമ്പരയിൽ കടിച്ചുതൂങ്ങാനായിരിക്കും കരീബിയന്‍ പടയുടെ ശ്രമം. ഒന്നാം ടി20യിൽ ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു. വിൻഡീസിന്‍റെ 157 റണ്‍സ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഏഴ് പന്ത് ശേഷിക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. രോഹിത്തിന്‍റെ സഹഓപ്പണര്‍ ഇഷാന്‍ കിഷന്‍ 42 പന്തില്‍ 35 റണ്‍സെടുത്തു. വിരാട് കോലി 17 ഉം റിഷഭ് പന്ത് എട്ടും റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ സൂര്യകുമാര്‍ യാദവും വെങ്കിടേഷ് അയ്യരും ഇന്ത്യക്ക് ജയമുറപ്പിച്ചു. സൂര്യകുമാര്‍ 18 പന്തില്‍ 34 ഉം വെങ്കടേഷ് 13 പന്തില്‍ 24 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 43 പന്തിൽ 61 റൺസെടുത്ത നിക്കോളാസ് പുരാന്‍റെ പോരാട്ടമാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 90 റൺസിനിടെ വിൻഡീസിന് അ‌ഞ്ച് വിക്കറ്റ് നഷ്‌ടമായിരുന്നു. നാല് ഓവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റുമായി അരങ്ങേറ്റക്കാരൻ രവി ബിഷ്ണോയ് മത്സരത്തിലെ താരമായി. ഹര്‍ഷല്‍ പട്ടേല്‍ രണ്ടും ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും യുസ്‌വേന്ദ്ര ചാഹലും ഓരോ വിക്കറ്റും വീഴ്‌ത്തി. രോഹിത് നായകനായ 23 ട്വന്‍റി 20യിൽ 19ലും ഇന്ത്യ ഇതുവരെ ജയിച്ചിട്ടുണ്ട് എന്നത് രണ്ടാം ടി20ക്ക് ഇറങ്ങും മുമ്പ് ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.

IND vs WI : രോഹിത്തിസം തുടരാന്‍ ടീം ഇന്ത്യ; വിൻഡീസിനെതിരെ രണ്ടാം ടി20 ഇന്ന്, ജയിച്ചാല്‍ പരമ്പര