
കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ (IND vs WI) ടി20 പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് 6.30നാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. തിരിച്ചുവരാനുള്ള ശ്രമമാണ് വിന്‍ഡീസ് നടത്തുന്നത്. ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ അവര്‍ക്കൊരു തിരിച്ചുവരവ് അത്യാവശ്യമാണ്.
ഔദ്യോഗിക ക്യാപ്റ്റനായ ശേഷമുള്ള മൂന്നാമത്തെ പരമ്പരയാണ് രോഹിത് സ്വന്തമാക്കാനൊരുങ്ങുന്നത്. കിവീസിനെതിരായ ടി20 പരമ്പരയ്ക്ക് പിന്നാലെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയാണ് രോഹിത്തിന് കീഴില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ദീപക് ചാഹര്‍, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ പരിശോധിച്ച ശേഷമെ ടീമില്‍ ഉള്‍പ്പെടുത്തൂ.
വിന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ (Kieron Pollard) ഷോട്ടിനെതിരെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ദീപകിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ താരത്തിന് പുറത്തുപോവേണ്ടി വന്നു. എന്നാല്‍ വെങ്കടേഷിന്റെ (Venkatesh Iyer) പരിക്ക് അത്രത്തോളം പ്രശ്‌നമുള്ളതല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഫീല്‍ഡ് ചെയ്യുമ്പോഴാണ് വെങ്കടേഷിന് പരിക്കേല്‍ക്കുന്നത്. എന്നാല്‍ അദ്ദേഹം ബാറ്റ് ചെയ്യുകയും ടീമിന്റെ വിജയത്തില്‍ പങ്കാളിയാവുകയും ചെയ്തു. പരിക്കുണ്ടെങ്കില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ഹുഡ എന്നിവര്‍ ടീമിലെത്താനാണ് സാധ്യത. ടീമില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്താനിടയില്ല.
ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയ് പുറത്തെടുത്തിരുന്നത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയ താരത്തിന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും ലഭിച്ചു. രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോഴും പ്രതീക്ഷ ബിഷ്‌ണോയിയും യൂസ്‌വേന്ദ്ര ചാഹലിലാണ്.
സാധ്യതാ ഇലവന്‍
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ/ വെങ്കടേഷ് അയ്യര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍/ ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയ്.
വെസ്റ്റ് ഇന്‍ഡീസ്: ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്സ്, നിക്കോളാസ് പുരാന്‍ (വിക്കറ്റ് കീപ്പര്‍), റോവ്മാന്‍ പവല്‍, കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്മിത്ത്, ഫാബിയന്‍ അലെന്‍, അകെയ്ല്‍ ഹൊസീന്‍, ഷെല്‍ഡണ്‍ കോട്രെല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!