
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ (IND vs WI) രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 19 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യക്ക് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. 63 റണ്‍സ് മാത്രമാണ് സ്കോര്‍ബോര്‍ഡിലുള്ളത്. ഒരു ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഒഡെയ്ന്‍ സ്മിത്താണ് ഇന്ത്യയെ തകര്‍ത്തത്. കെ എല്‍ രാഹുല്‍ (4), സൂര്യകുമാര്‍ യാദവ് (15) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിംഗിന് ഇറങ്ങുകയായിരുന്നു.
രോഹിത്തിന്റെ മടക്കം
പതിവിന് വിപരീതമായി റിഷഭ് പന്തിനെ (Rishabh Pant) ഓപ്പണറാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. രാഹുലിന്റെ (KL Rahul) മധ്യനിരയില്‍ കളിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍ ഓപ്പണിംഗ് സഖ്യം മൂന്നാം ഓവറില്‍ തന്നെ പിരിഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (5) ആദ്യം മടങ്ങിയത്. കെമര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച്.
പരീക്ഷണം പരാജയം
പന്തിനെ ഓപ്പണറാക്കാനുള്ള തീരുമാനവും പരാജയപ്പെട്ടു. തട്ടിയും മുട്ടിയും താരം അല്‍പനേരം ക്രീസില്‍ പിടിച്ചുനിന്നു. ആധികാരികതയോടെ കളിച്ച ഷോട്ട് പോലും പന്തിന്റെ ബാറ്റില്‍ നിന്ന് പിറന്നില്ല. 18 റണ്‍സ് മാത്രമെടുത്ത താരം ഒരു അനാവശ്യ ഷോട്ടില്‍ പുറത്തായി. ഓഫ് സ്റ്റംപിന് പുറത്തുവന്ന സ്മിത്തിന്റെ ഷോര്‍ട്ട് ബോള്‍ പുള്‍ ചെയ്യാനുള്ള ശ്രമം ജേസണ്‍ ഹോള്‍ഡറുടെ കൈകളില്‍ ഒതുങ്ങി.
കോലി വീണ്ടും നിരാശന്‍
അതേ ഓവറില്‍ അവസാന പന്തില്‍ കോലിയും മടങ്ങി. പതിവ്് രീതിയില്‍ തന്നെയായിരുന്നു കോലിയുടെ മടക്കം. സ്മിത്തിന്റെ ഓഫ്സ്റ്റംപിന് പുറത്തുവന്ന് പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. പുറത്താവുന്നതിന് മുമ്പ് മൂന്ന് ബൗണ്ടറികള്‍ കോലി നേടിയിരുന്നു. പൊടുന്നനെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതോടെ ശ്രദ്ധയോടെയാണ് രാഹുല്‍- സൂര്യകുമാര്‍ സഖ്യം കൡക്കുന്നത്.
ഇരു ടീമിലും ഓരോ മാറ്റം
അഹമ്മദാബാദില്‍ ടോസ് നേടിയ നിക്കോളാസ് പുരാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ഇന്ന് കളിക്കുന്നില്ല. ഇന്ത്യന്‍ നിരയില്‍ കെ എല്‍ രാഹുല്‍ തിരിച്ചെത്തി. ഇഷാന്‍ കിഷനാണ് പുറത്തായത്. ടീമില്‍ മറ്റു മാറ്റങ്ങളൊന്നുമില്ല. വിന്‍ഡീസ് പൊള്ളാര്‍ഡിന് പകരം ഒഡെയ്ന്‍ സ്മിത്തിനെ ടീമിലെത്തിച്ചു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ.
വെസ്റ്റ് ഇന്‍ഡീസ് : ഷായ് ഹോപ്, ബ്രണ്ടന്‍ കിംഗ്, ഡാരന്‍ ബ്രാവോ, ഷമാറ ബ്രൂക്ക്സ്, നിക്കോളാസ് പുരാന്‍, ജേസണ്‍ ഹോള്‍ഡര്‍, അകേയ്ല്‍ ഹൊസീന്‍, ഫാബിയന്‍ അലന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്.