
കൊളംബോ: അനിയന്‍മാർ തുടങ്ങി, എമേർജിംഗ് ഏഷ്യാ കപ്പില്‍ തുടർച്ചയായ രണ്ടാം വിജയവുമായി ഇന്ത്യന്‍ യുവനിര സെമിയില്‍. ആദ്യ മത്സരത്തില്‍ യുഎഇയെ 8 വിക്കറ്റിന് തോല്‍പിച്ച ഇന്ത്യ എ ഇന്ന് നടന്ന രണ്ടാം കളിയില്‍ നേപ്പാളിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 39.2 ഓവറില്‍ 167 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ എ വെറും 22.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. സ്കോർ: നേപ്പാള്‍-167 (39.2), ഇന്ത്യ-172/1 (22.1). തകർപ്പന്‍ അർധസെഞ്ചുറിയുമായി ഓപ്പണർ അഭിഷേക് ശർമ്മ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ തുടക്കത്തിലെ കടന്നാക്രമിച്ചാണ് ഇന്ത്യന്‍ പേസർമാർ തുടങ്ങിയത്. 5.1 ഓവറില്‍ 27 റണ്‍സ് സ്കോർ ബോർഡില്‍ തെളിയുമ്പോഴേക്ക് ഓപ്പണർമാർ ഇരുവരും കൂടാരം കയറി. കുശാല്‍ ഭൂർടെല്‍ പൂജ്യത്തിനും ആസിഫ് ഷെയ്ഖ് 7നും പുറത്തായ ശേഷം മൂന്നാമനായി ക്രീസിലെത്തിയ ദേവി ഖാനലിനും(15) പിടിച്ചുനില്‍ക്കാനായില്ല. ഇതിന് ശേഷം നാലാമനായി ക്രീസിലെത്തി 85 പന്തില്‍ 65 റണ്‍സ് നേടിയ നായകന്‍ രോഹിത് പോഡല്‍ മാത്രമാണ് ഇന്ത്യന്‍ ബൗളർമാർക്ക് ഭീഷണിയായത്. ഭീം ഷാർകി(4), കുശാല്‍ മല്ല(0), സോംപാല്‍ കമി(14), ഗുല്‍സാന്‍ ജാ(38), പവാന്‍ സറാഫ്(6), ലളിത് രാജബന്‍ഷി(3), കിഷോർ മഹാതോ(2*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോർ. ഇന്ത്യക്കായി 19കാരന്‍ നിഷാന്ത് സിന്ധു 3.2 ഓവറില്‍ 14 റണ്‍സിന് 4 വിക്കറ്റ് നേടി. ആർഎസ് ഹങ്‍ഗർഗേകർ മൂന്നും ഹർഷിത് റാണ രണ്ടും മാനവ് സതാർ ഒന്നും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ ഓപ്പണർമാരായ സായ് സുദർശനും അഭിഷേക് ശർമ്മയും അർധസെഞ്ചുറി നേടിയതോടെ ഇന്ത്യ എയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. 69 പന്തില്‍ 87 റണ്‍സുമായി ടോപ് സ്കോററായ അഭിഷേകിന്‍റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. സായ് സുദർശന്‍ 52 പന്തില്‍ 58* ഉം, വിക്കറ്റ് കീപ്പർ ധ്രുവ് ജൂരെല്‍ 12 പന്തില്‍ 21* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ഐപിഎല്‍ സ്റ്റൈലില്‍ സിക്സുമായാണ് ജൂരെല്‍ മത്സരം ഫിനിഷ് ചെയ്തത്.
Read more: കെ എല്‍ രാഹുല്‍ ബാറ്റിംഗ് തുടങ്ങി; ഇന്ത്യയുടെ 'പരിക്കന്‍' താരങ്ങളെല്ലാം ഫിറ്റ്നസിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!