
ബെംഗളൂരു: സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏറെ വലച്ച കാര്യം താരങ്ങളുടെ പരിക്കായിരുന്നു. സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര പരിക്കേറ്റ് ഒരു വർഷത്തോളം ടീമിന് പുറത്തായി എങ്കില്‍ മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ, വിക്കറ്റ് കീപ്പർ ബാറ്റർ കെ എല്‍ രാഹുല്‍ എന്നിവരുടെ പരിക്കും ടീം ബാലന്‍സ് താളം തെറ്റിച്ചു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പേസർ പ്രസിദ്ധ് കൃഷ്ണയുടെ പരിക്കും ടീമിനെ പ്രതിരാധത്തിലാക്കി. എന്നാലിപ്പോള്‍ ഈ നാല് താരങ്ങളുടെ കാര്യത്തിലും ശുഭ വാർത്തയാണ് പുറത്തുവരുന്നത്.
ഈ വർഷം ഏഷ്യാ കപ്പും പിന്നാലെ ഏകദിന ലോകകപ്പും വരാനിരിക്കേ ആരാധകർക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്ന കാര്യം പേസർ ജസ്പ്രീത് ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പൂർണ ക്വാട്ടയില്‍ പന്തെറിയാന്‍ പുനരാരംഭിച്ചു എന്നതാണ്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം കളിക്കാത്ത ബുമ്ര പുറംവേദനയ്ക്ക് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും ടീം ഇന്ത്യയുടെ നിർണായക താരമായി വളരുമ്പോഴാണ് മധ്യനിര ബാറ്റർ ശ്രേയസ് അയ്യരെ പരിക്ക് പിടികൂടിയത്. അയ്യർക്കും ശസ്ത്രക്രിയ വേണ്ടിവന്നു. ബോർഡർ-ഗാവസ്‍കർ ട്രോഫിക്കിടെ കലശലായ പുറംവേദനയാണ് ശസ്ത്രക്രിയയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഏകദിന ഫോർമാറ്റില്‍ ഏഷ്യാ കപ്പും ലോകകപ്പും നടക്കുമ്പോള്‍ നിർണായകമാണ് ശ്രേയസിന്‍റെ നാലാം നമ്പർ. അയ്യർക്ക് പകരം പരീക്ഷിച്ച ട്വന്‍റി 20 സ്റ്റാർ സൂര്യകുമാർ യാദവ് ഇതുവരെ ഏകദിന നാലാം നമ്പറില്‍ ക്ലച്ച് പിടിച്ചിട്ടില്ല. ജസ്പ്രീത് ബുമ്രയും ശ്രേയസ് അയ്യരും അയർലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ടീം സെലക്ഷന് ലഭ്യമായിരിക്കും.
റിഷഭ് പന്തിന് കാർ അപകടത്തില്‍ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ ശേഷം കെ എല്‍ രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഐപിഎല്‍ പതിനാറാം സീസണിനിടെ രാഹുലിന് പരിക്കേറ്റതോടെ വിക്കറ്റ് കീപ്പർമാർക്കായുള്ള അലച്ചിലിലായി സെലക്ടർമാരും ടീം മാനേജ്മെന്‍റും. കാലിലെ പേശികളില്‍ ശസ്ത്രക്രിയക്ക് വിധേയനായ കെ എല്‍ എന്‍സിഎയില്‍ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു. പേസർ പ്രസിദ്ധ് കൃഷ്ണയും പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരമാണ്. പ്രസിദ്ധ് ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പന്തെറിഞ്ഞ് തുടങ്ങി എന്നതും ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് ടീമിനും ആരാധകർക്കും സന്തോഷ വാർത്തയാണ്.
Read more: പരിക്കിനോട് വിട; ചീറ്റപ്പുലി പേസുമായി ജസ്‍പ്രീത് ബുമ്ര- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം