
പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ടാം ട്വന്റി-20 മത്സരത്തിൽ പ്രതീക്ഷിച്ച സ്കോർ നേടാതെ ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ 138 റൺസിന് എല്ലാവരും പുറത്തായി. നാലോവറിൽ വെറും 17 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഒബേദ് മക്കോയിയാണ് ഇന്ത്യയെ തകർത്തത്. 31 റൺസെടുത്ത ഹർദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ പൂജ്യത്തിന് പുറത്തായി. ഒരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീതിയുണ്ടായില്ല. സൂര്യകുമാർ യാദവ് (11), ശ്രേയസ് അയ്യർ (10), ദിനേഷ് കാർത്തിക് (7) എന്നിവർ നിരാശപ്പെടുത്തി. രവിചന്ദ്ര അശ്വിൻ 10 റൺസെടുത്തു. വിൻഡീസിന് വേണ്ടി ജേസൻ ഹോൾഡർ രണ്ടും അൽസാരി ജോസഫി, അക്കീൽ ഹൊസെയ്ൻ എന്നിവർ ഓരോ വിക്കറ്റും നേടി.
കെ എല്‍ രാഹുലിനും പൃഥ്വി ഷാക്കും ശേഷം ടി20 ക്രിക്കറ്റില്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ പുറത്താവുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് രോഹിത്. നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. കീമോ പോളും ഷെമ്രാ ബ്രൂക്സും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ഒഡീന്‍ സ്മിത്തും ഡെവോണ്‍ തോമസും വിന്‍ഡീസിന്‍റെ അന്തിമ ഇലവനിലെത്തി.
മറുവശത്ത് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. ആദ്യ മത്സരത്തില്‍ തിളങ്ങിയ രവി ബിഷ്ണോയിക്ക് നേരിയ പരിക്കുള്ളതിനാല്‍ പേസര്‍ ആവേശ് ഖാന്‍ ഇന്ത്യയുടെ അന്തിമ ഇളവനിലെത്തി. ബിഷ്ണോയിക്ക് പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കാതെ ആവേശിനെ കളിപ്പിച്ചത് ആരാധകരെ ആശ്ചര്യപ്പെടുത്തി.