ഐസിസി റാങ്കിംഗ്: ടെസ്റ്റില്‍ ഇന്ത്യക്ക് ഭീഷണിയായി ന്യൂസിലന്‍ഡ്; ഏകദിനത്തില്‍ ഇംഗ്ലണ്ടിന് തൊട്ടരികെ ഇന്ത്യ

By Web TeamFirst Published May 2, 2019, 7:28 PM IST
Highlights

2015-2016 വര്‍ഷത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 3-0 ജയത്തിന്റെയും ശ്രീലങ്കക്കെതിരെ നേടി 2-1 ജയത്തിന്റെയും പോയന്റുകള്‍ ഒഴിവാക്കിയപ്പോള്‍ ന്യൂസിലന്‍ഡ് ഇതേവര്‍ഷം ഓസ്ട്രേലിയക്കെതിരെ 0-2ന് പരാജയപ്പെട്ടതും ഒഴിവാക്കപ്പെട്ടു.

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. 2015-2016 വര്‍ഷത്തെ ഫലങ്ങള്‍ റാങ്കിംഗ് പോയന്റ് കണക്കാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയശേഷം പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയുമായി ന്യൂസിലന്‍ഡ് ആണ് ടെസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത്. 113 പോയന്റുള്ള ഇന്ത്യക്ക് രണ്ട് പോയന്റ് മാത്രം പിന്നിലാണ് ന്യൂസിലന്‍ഡ്(111).

2015-2016 വര്‍ഷത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 3-0 ജയത്തിന്റെയും ശ്രീലങ്കക്കെതിരെ നേടി 2-1 ജയത്തിന്റെയും പോയന്റുകള്‍ ഒഴിവാക്കിയപ്പോള്‍ ന്യൂസിലന്‍ഡ് ഇതേവര്‍ഷം ഓസ്ട്രേലിയക്കെതിരെ 0-2ന് പരാജയപ്പെട്ടതും ഒഴിവാക്കപ്പെട്ടു. ഇതാണ് ന്യൂസിലന്‍ഡ് ഇന്ത്യക്ക് തൊട്ടരികിലെത്താന്‍ കാരണം. 108 റേറ്റിംഗ് പോയന്റുമായി ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ഓസ്ട്രേലിയയെ മറികടന്ന് ഇംഗ്ലണ്ട്(105) നാലാം സ്ഥാനത്തെത്തിയതാണ് റാങ്കിംഗിലെ പ്രധാന മാറ്റം. 98 പോയന്റുമായി ഓസ്ട്രേലിയ അഞ്ചാമതായപ്പോള്‍ ആറാം സ്ഥാനത്തുള്ള ശ്രീലങ്കക്കും(94) പുറകില്‍ ഏഴാമതാണ് പാക്കിസ്ഥാന്‍(84).

ഏകദിന റാങ്കിംഗില്‍ 123 പോയന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2015-2016 വര്‍ഷത്തെ ഫലങ്ങള്‍ റാങ്കിംഗില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ(121) ഇംഗ്ലണ്ടിന് രണ്ട് പോയന്റ് വ്യത്യാസത്തില്‍ തൊട്ടരികിലെത്തി. 115 പോയന്റുള്ള ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെ(113) മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് കയറി. ഓസ്ട്രേലിയ(109) ആണ് അഞ്ചാമത്. പാക്കിസ്ഥാന്‍(96), ബംഗ്ലാദേശ്(86) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ശ്രീലങ്കയെ മറികടന്ന് വെസ്റ്റ് ഇന്‍ഡീസ് ഏഴാം സ്ഥാനത്തേക്ക് കയറിയതാണ് ഏകദിന റാങ്കിംഗിലെ മറ്റൊരു പ്രധാന മാറ്റം..

click me!