Latest Videos

കാര്യവട്ടം ഏകദിനത്തിന് ആവേശം ഉയരുന്നു; ടീമുകള്‍ ഇന്നെത്തും

By Web TeamFirst Published Jan 13, 2023, 10:33 AM IST
Highlights

മത്സരത്തിനായി ബാറ്റിംഗ് ട്രാക്കാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. 

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകൾ ഇന്ന് തിരുവനന്തപുരത്തെത്തും. കൊൽക്കത്തയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് വൈകിട്ട് നാല് മണിക്ക് ഇരു ടീമും എത്തുക. ഇന്ന് ടീമുകള്‍ക്ക് പരിശീലനമില്ല. നാളെ ഇരു ടീമുകളും ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണിവരെ ലങ്കയും അഞ്ച് മണി മുതല്‍ എട്ട് വരെ ഇന്ത്യന്‍ ടീമും പരിശീലനത്തിന് ഇറങ്ങും. 

മത്സരത്തിനായി ബാറ്റിംഗ് ട്രാക്കാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇവിടെ നടന്ന അവസാന ട്വന്‍റി 20 മത്സരത്തില്‍ ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ഒരുക്കിയതെങ്കിലും ബൗളര്‍മാര്‍ മുന്‍തൂക്കം നേടിയ സാഹചര്യത്തില്‍ പുതിയ പിച്ചാണ് ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിനായി ഒരുക്കിയിരിക്കുന്നത്. പരമാവധി റണ്‍സ് ബാറ്റര്‍മാര്‍ക്ക് നേടാന്‍ കഴിയുന്ന തരത്തിലാണ് പിച്ച് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ക്യുറേറ്റര്‍മാര്‍ നല്‍കുന്ന വിവരം. മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം എന്നതിനാല്‍ കനത്ത വെയില്‍ ടിക്കറ്റ് വില്‍പനയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ടിക്കറ്റിന്‍റെ വിലയുമായി ബന്ധപ്പെട്ട വിവാദങ്ങളും നിലനില്‍ക്കുന്നു. നാല്‍പതിനായിരം പേര്‍ക്കിരുന്ന് കളി കാണാനുള്ള സൗകര്യം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനുണ്ട്. 

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ടീം ഇന്ത്യ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനം നാല് വിക്കറ്റിന് ജയിച്ചതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 39.4 ഓവറില്‍ 215ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 64 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനമാണ് ഞായറാഴ്ച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഉയര്‍ന്ന സ്കോര്‍ പിറക്കുന്ന മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

നങ്കൂരമിട്ട് കെ എല്‍ രാഹുല്‍; കൊല്‍ക്കത്തയില്‍ ജയം നാല് വിക്കറ്റിന്; ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

click me!