ലീഡ്‌സ്: വനിതാ ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 95 റണ്‍സിന്റെ വമ്പന്‍ മാര്‍ജിനില്‍ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ബുധനാഴ്ച ഹെഡിംഗ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ 17.3 ഓവറില്‍ വെറും 114 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കുകയായിരുന്നു. ഈ വമ്പന്‍ ജയത്തോടെ റണ്‍റേറ്റിന്റെ കരുത്തില്‍ ഓസ്ട്രേലിയയെ മറികടന്ന് ഗ്രൂപ്പ് എ-യില്‍ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചു. സ്മൃതി മന്ദാന 47 പന്തില്‍ 11 ഫോറുകളും ഒരു സിക്‌സറുമടക്കം 74 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. മറുഭാഗത്ത് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷഫാലി വര്‍മ്മ 38 പന്തില്‍ 10 ഫോറുകളുടെ അകമ്പടിയോടെ 55 റണ്‍സ് നേടി.
മധ്യനിരയില്‍ ജെമീമ റോഡ്രിഗസ് (19), ഹര്‍മന്‍പ്രീത് കൗര്‍ (12) എന്നിവര്‍ പിന്തുണ നല്‍കിയപ്പോള്‍, അവസാന ഓവറുകളില്‍ റിച്ചാ ഘോഷ് വെറും 8 പന്തില്‍ 2 സിക്‌സറുകളും ഒരു ഫോറുമടക്കം 20 റണ്‍സ് അടിച്ചുകൂട്ടി സ്‌കോര്‍ 200 കടത്തി. നെതര്‍ലന്‍ഡ്‌സിനായി കരോലിന്‍ ഡി ലാംഗെ രണ്ട് വിക്കറ്റ് വീഴ്ത്തി.
210 റണ്‍സ് എന്ന ഹിമാലയന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന് ഇന്ത്യന്‍ ബോളിംഗ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ബാബെറ്റ് ഡി ലീഡെ (28), ഹീതര്‍ സീഗേഴ്‌സ് (21) എന്നിവര്‍ മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിന്നത്.
ഇന്ത്യക്കായി ബോളിംഗില്‍ ശ്രീ ചരണി 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി നെതര്‍ലന്‍ഡ്‌സിന്റെ നട്ടെല്ലൊടിച്ചു. ബാറ്റിംഗില്‍ തിളങ്ങിയ ഓപ്പണര്‍ ഷഫാലി വര്‍മ്മ ബോളിംഗിലും അത്ഭുതപ്പെടുത്തി; 3.2 ഓവറില്‍ 20 റണ്‍സ് മാത്രം നല്‍കി 3 പ്രധാന വിക്കറ്റുകളാണ് ഷഫാലി പിഴുതത്. നന്ദിനി ശര്‍മ്മ രണ്ട് വിക്കറ്റും ദീപ്തി ശര്‍മ്മ ഒരു വിക്കറ്റും നേടി. ബാറ്റിംഗിലെ തകര്‍പ്പന്‍ പ്രകടനത്തിന് സ്മൃതി മന്ദാനയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!