മുഹമ്മദ് അസറുദ്ദീനെയും ജലജ് സക്സേനയെയും നിലനിർത്തിയതിനൊപ്പം പത്ത് ലക്ഷം രൂപയ്ക്ക് സച്ചിൻ ബേബിയെ ടീമിലെത്തിക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ സച്ചിൻ ബേബിയെ ആലപ്പി റിപ്പിൾസിന്റെ ക്യാപ്റ്റനായി നിയമിച്ചു. മുഹമ്മദ് അസറുദ്ദീനാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഏറെ അനുഭവസമ്പത്തുള്ള താരങ്ങളാണ് സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും. ഇരുവരുടെയും നേതൃത്വത്തിൽ പുതിയ സീസണിൽ ആലപ്പി ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ.

കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് ആലപ്പി റിപ്പിൾസ് കെസിഎൽ മൂന്നാം സീസണിലേക്ക് ഒരുങ്ങുന്നത്. മുഹമ്മദ് അസറുദ്ദീനെയും ജലജ് സക്സേനയെയും നിലനിർത്തിയതിനൊപ്പം പത്ത് ലക്ഷം രൂപയ്ക്ക് സച്ചിൻ ബേബിയെ ടീമിലെത്തിക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. മൂവരുടെയും പരിചയസമ്പത്തിനൊപ്പം സിബിൻ ഗിരീഷും അഭിജിത് പ്രവീണും അടക്കമുള്ള യുവതാരങ്ങൾ കൂടി ചേരുമ്പോൾ വലിയ പ്രതീക്ഷകളോടെയാണ് ടീം മൂന്നാം സീസണായി തയ്യാറെടുക്കുന്നതെന്ന് ടീം ഉടമ ടി. എസ്. കലാധരൻ പറഞ്ഞു.

ആക്രമണശൈലിയുള്ള ബാറ്റിംഗും ഓൾറൗണ്ടർമാരും മികച്ച ബൗളിങ് ലൈനപ്പും ഒത്തു ചേരുന്ന സന്തുലിതമായൊരു ടീമാണ് ഇത്തവണത്തേത്. പരിശീലകസംഘവും മാനേജ്മെന്റും ചേർന്ന്, ടീമിന്റെ തയ്യാറെടുപ്പുകൾ കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്ന് മികച്ച പ്രകടനത്തിലൂടെ മൂന്നാം സീസണിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയാണ് ടീമിന്‍റെ ലക്ഷ്യം. കൃഷ്ണ കലാധരൻ, ദേവിക കലാധരൻ, റാഫേൽ തോമസ് എന്നിവരാണ് മറ്റു ടീം ഉടമകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക