
രാജ്കോട്ട്: ടി20 പരമ്പരയില്‍ കൈവിടാതിരിക്കാന്‍ വിജയം അനിവാര്യമായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 82 റണ്‍സിന് തകര്‍ത്ത് ഇന്ത്യ(India vs South Africa) അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി(2-2). ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 16.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബാറ്റിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ ബാറ്റ് ചെയ്യാനിറങ്ങിയില്ല. 20 പന്തില്‍ 20 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ആവേശ് ഖാന്‍ 18 റണ്‍സിന് നാലു വിക്കറ്റെടുത്തു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 169-6, ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ 87/9.
തുടക്കം മുതല്‍ തിരിച്ചടിച്ച് ഇന്ത്യ
170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റവീശിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ടീം സ്കോര്‍ 24ല്‍ നില്‍ക്കെ ആവേശ് ഖാന്‍റെ പന്ത് കൈയില്‍ കൊണ്ട് പരിക്കേറ്റ ക്യാപ്റ്റന്‍ ടെംബാ ബാവുമ(8) ബാറ്റിംഗ് തുരാനാകാതെ മടങ്ങി. പകരക്കാരനായി എത്തിയ ഡ്വയിന്‍ പ്രിട്ടോയിസിനെ(0) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ആവേശ് ഖാന്‍ മടക്കി. പവര്‍ പ്ലേ പിന്നിടും മുമ്പ് ക്വിന്‍റണ്‍ ഡീ കോക്ക്(14) റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി.
ക്ലാസനെ മടക്കി ചാഹല്‍, മില്ലറെ വീഴ്ത്തി ഹര്‍ഷല്‍
ഹെന്‍റിച്ച് ക്ലാസന്‍റെ ബാറ്റിംഗില്‍ പ്രതീക്ഷയര്‍പ്പിച്ച ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ചാഹല്‍ ക്ലാസനെ(8) വിക്കറ്റിന് മുന്നില്‍ കുടുക്കി. പതിനൊന്നാം ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷയായ ഡേവിഡ് മില്ലറെ(9) ഹര്‍ഷല്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം തീര്‍ന്നു. പതിനാലാം ഓവറില്‍ വാന്‍ഡര്‍ ഡസ്സന്‍, കേശവ് മഹാരാജ്, മാര്‍ക്കോ ജാന്‍സന്‍ എന്നിവരെ മടക്കിയ ആവേശ് ഖാനാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഇന്ത്യക്കായി ആവേശ് ഖാന്‍ നാലോവറില്‍ 18 റണ്‍സിന് നാല് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ നാലോവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ രണ്ടോവറില്‍ മൂന്ന് റണ്‍സിനും അക്സര്‍ പട്ടേല്‍ 3.5 ഓവറില്‍ 19 റണ്‍സിനും ഓരോ വിക്കറ്റുമെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 169 റണ്‍സെടുത്തത്. 27 പന്തില്‍ 56 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ്(Dinesh Karthik) ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ(Hardik Pandya) 31 പന്തില്‍ 46 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കക്കുവേണ്ടി ലുങ്കി എങ്കിഡി രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!