
ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് പരിശീലന മത്സരം പോലെയായിരുന്നു. ബാറ്റെടുത്തവരെല്ലാം അടിച്ചു തകര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉര്‍ന്ന ടീം ടോട്ടലായ 498 റണ്‍സ്. 70 പന്തില്‍ 162 റണ്‍സുമായി പുറത്താകാതെ നിന്ന ജോസ് ബട്‌ലറായിരുന്നു ടോപ് സ്കോറര്‍. ഫിലിപ്പ് സാള്‍ട്ട് 122 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മലന്‍ 125 റണ്‍സടിച്ചു.
ഒമ്പത് ഫോറും മൂന്ന് സിക്സും പറത്തിയാണ് മലന്‍ 125 റണ്‍സെടുത്തത്. ഇതില്‍ മലന്‍ പറത്തിയ ഒരു പടുകൂറ്റന്‍ സിക്സ് ചെന്നുവീണത് മത്സരത്തിന് വേദിയായ ആംസ്റ്റല്‍വീനിലെ വിആര്‍എ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്തെ പൊന്തക്കാട്ടിലായിരുന്നു. ഇടം കൈയന്‍ സ്പിന്നര്‍ പീറ്റര്‍ സീലര്‍ എറിഞ്ഞ മത്സരത്തിന്‍റെ ഒമ്പതാം ഓവറിലായരുന്നു മലന്‍റെ പടുകൂറ്റന്‍ സിക്സ്. സ്റ്റേഡിയത്തിന് പുറത്തെ മരങ്ങളില്‍ തട്ടിയാണ് പന്ത് നിലത്തുവീണത്.
ഇതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പന്തിനായുള്ള തെരച്ചില്‍ ആരംഭിച്ചു. ഇവര്‍ക്കൊപ്പം പന്ത് തെരയാന്‍ നെതര്‍ലന്‍ഡ്സ് താരങ്ങളും കൂടി.ഒടുവില്‍ നെതര്‍ലന്‍ഡ് താരം തന്നെ പൊന്തക്കാട്ടില്‍ നിന്ന് പന്ത് കണ്ടെത്തി മത്സരം പുനരാരംഭിച്ചു. നാട്ടിന്‍ പുറത്തെ ക്രിക്കറ്റില്‍ പലപ്പോഴും പൊന്തക്കാട്ടില്‍ പന്ത് തെരയേണ്ടിവന്നിട്ടുണ്ടെങ്കിലും ഒരു രാജ്യാന്തര മത്സരത്തില്‍ ഇത്തരമൊരു കാഴ്ച കൗതുകമായി.
മലനും ബട്‌ലര്‍ക്കും സാള്‍ട്ടിനും പുറമെ ലിയാം ലിവിംഗ്‌സ്റ്റണും(22 പന്തില്‍ 66) മത്സരത്തില്‍ ഇംഗ്ലണ്ടിനായി തകര്‍ത്തടിച്ചിരുന്നു.