അമേരിക്കയിലും വിന്‍ഡീസിനെ മുട്ടുകുത്തിച്ച് ഇന്ത്യ, വമ്പന്‍ ജയം; ടി20 പരമ്പര

Published : Aug 07, 2022, 12:33 AM IST
 അമേരിക്കയിലും വിന്‍ഡീസിനെ മുട്ടുകുത്തിച്ച് ഇന്ത്യ, വമ്പന്‍ ജയം; ടി20 പരമ്പര

Synopsis

വാലറ്റക്കാരെ യോര്‍ക്കറുകള്‍ കൊണ്ട് ശ്വാസം മുട്ടിച്ച അര്‍ഷദീപ് ജേസണ്‍ ഹോള്‍ഡറെയും(13), ഡൊമനിക് ഡ്രേക്ക്സിനെയും(5) ഒബേഡ് മക്കോയിയെയും(2)വീഴ്ത്തി വിന്‍ഡീസിന്‍റെ തോല്‍വി പൂര്‍ത്തിയാക്കി. ഇന്ത്യക്കായി അര്‍ഷദീപ് മൂന്നോവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ നടന്ന ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 59 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി.192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായി. 24 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും റൊവ്മാന്‍ പവലുമാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍മാര്‍.

ഇന്ത്യക്കായി അര്‍ഷദീപ് സിംഗ് മൂന്നും ആവേശ് ഖാന്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്ത് ബൗളിംഗില്‍ തിളങ്ങി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 191-5, വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132ന് ഓള്‍ ഔട്ട്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന മത്സരം ഇന്ന് ഇതേ ഗ്രൗണ്ടില്‍ നടക്കും.

തല ഉയര്‍ത്താന്‍ അനുവദിക്കാതെ എറിഞ്ഞിട്ടു

ഇന്ത്യയുടെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ വിന്‍ഡീസിനായി ബ്രാണ്ടന്‍ കിംഗും കെയ്ല്‍ മയേഴ്സും ഭുവനേശ്വര്‍ കുമാറിന്‍റെ ആദ്യ ഓവറില്‍ 14 റണ്‍സടിച്ചാണ് തുടങ്ങിയത്. എന്നാല്‍ വിന്‍ഡീസിന്‍റെ ആവേശം അവിടെ തീര്‍ന്നു. രണ്ടാം ഓവറില്‍ ബ്രാണ്ടന്‍ കിംഗിനെ(8 പന്തില്‍ 13) മടക്കി ആവേശ് തുടക്കമിട്ട വിക്കറ്റ് വേട്ട മറ്റ് ബൗളര്‍മാരും ഏറ്റെടുത്തു. വണ്‍ ഡൗണായി എത്തിയ ഡെവോണ്‍ തോമസിനെ(1) തന്‍റെ രണ്ടാം ഓവറില്‍ ആവേശ് തന്നെ മടക്കി.

ധോണിക്കാലം അവസാനിച്ചിട്ടില്ല, ഇതാ സൂര്യകുമാറിന്‍റെ വക സ്‌റ്റൈലന്‍ ഹെലികോപ്റ്റര്‍ ഷോട്ട്- വീഡിയോ

പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച കെയ്ല്‍ മയേഴ്സിനെ(16) അക്സര്‍ പട്ടേല്‍ വീഴ്ത്തുകയും തകര്‍ത്തടിച്ച് പേടിപ്പിച്ച ക്യാപ്റ്റന്‍ നിക്കോളാസ് പുരാനെ(8 പന്തില്‍ 24) സഞ്ജു സാംസണിന്‍റെ ത്രോയില്‍ റിഷഭ് പന്ത് റണ്ണൗട്ടാക്കുകയും ചെയ്തതോടെ വിന്‍ഡീസിന്‍റെ നടുവൊടിഞ്ഞു. എന്നിട്ടും റൊവ്മാന്‍ പവലിലൂടെ(16 പന്തില്‍ 24)യും ഷിമ്രോണ്‍ ഹെറ്റ്മെയറിലൂടെയും(19) തല ഉയര്‍ത്താന്‍ ശ്രമിച്ച വിന്‍ഡീസിനെ അക്സറും രവി ബിഷ്ണോയിയും ചേര്‍ന്ന് എറിഞ്ഞൊതുക്കി.

വാലറ്റക്കാരെ യോര്‍ക്കറുകള്‍ കൊണ്ട് ശ്വാസം മുട്ടിച്ച അര്‍ഷദീപ് ജേസണ്‍ ഹോള്‍ഡറെയും(13), ഡൊമനിക് ഡ്രേക്ക്സിനെയും(5) ഒബേഡ് മക്കോയിയെയും(2)വീഴ്ത്തി വിന്‍ഡീസിന്‍റെ തോല്‍വി പൂര്‍ത്തിയാക്കി. ഇന്ത്യക്കായി അര്‍ഷദീപ് മൂന്നോവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആവേശ് ഖാന്‍ നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. നിക്കോളാസ് പുരാന്‍ മൂന്ന് സിക്സിന് പറത്തിയെങ്കിലും അക്സര്‍ നാലോവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റും രവി ബിഷ്ണോയ്  നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു.

ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചു, ഈ 'സ്മൃതി' എന്നും ഉണ്ടാവും;ഇന്ത്യന്‍ പെണ്‍പടയെ വാഴ്ത്തി ഇതിഹാസങ്ങള്‍

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. 31 പന്തില്‍ 44 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(33), മലയാളി താരം സഞ്ജു സാംസണ്‍ 23 പന്തില്‍ പുറത്താകാതെ 30,  സൂര്യകുമാര്‍ യാദവ്(24), അക്സര്‍ പട്ടേല്‍ 8 പന്തില്‍ പുറത്താകാതെ 20 എന്നിവരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. വിന്‍ഡീസിനായി  അല്‍സാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി ജയ്സ്വാള്‍,അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍