ഫ്ലോറിഡയില്‍ ഇന്ത്യക്ക് അതിഗംഭീര തുടക്കമാണ് രോഹിത് ശര്‍മ്മയ്‌ക്കൊപ്പം സൂര്യകുമാര്‍ നല്‍കിയത്
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്‍റെ(Suryakumar Yadav) തകര്‍പ്പന്‍ ഷോട്ടുകള്‍ തുടരുകയാണ്. ഫ്ലോറിഡയിലെ നാലാം ടി20യിലും(WI vs IND 4th T20I) അതിശയിപ്പിക്കുന്ന ഷോട്ടുകള്‍ സൂര്യയുടെ ബാറ്റില്‍ നിന്ന് പിറന്നു. അതിമനോഹരമായി ധോണി സ്റ്റൈലില്‍ പറന്ന ഹെലികോപ്റ്റര്‍ ഷോട്ടായിരുന്നു ഇതിലൊന്ന്. ആ ദൃശ്യങ്ങള്‍ കാണാം.
ഫ്ലോറിഡയില്‍ ഇന്ത്യക്ക് അതിഗംഭീര തുടക്കമാണ് രോഹിത് ശര്‍മ്മയ്‌ക്കൊപ്പം സൂര്യകുമാര്‍ യാദവ് നല്‍കിയത്. ഇരുവരും 4.4 ഓവറില്‍ 53 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 16 പന്തില്‍ 33 റണ്‍സെടുത്ത രോഹിത് പുറത്താവുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ സൂര്യകുമാറും മടങ്ങി. 14 പന്തില്‍ 24 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. ഒരു ഫോറും രണ്ട് സിക്‌സറും പറത്തിയ സ്‌കൈക്ക് 171.43 സ്‌ട്രൈക്ക് റേറ്റുണ്ട്. 'സൂര്യകുമാറിനെ ഇഷ്‌ടപ്പെടാം വെറുക്കാം, പക്ഷേ നിങ്ങള്‍ക്ക് എഴുതിത്തളാനാവില്ല' എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 191 റണ്‍സെടുത്തു. രോഹിത്തിനും സൂര്യകുമാറിനും പിന്നാലെ ദീപക് ഹൂഡ 21 ഉം റിഷഭ് പന്ത് 44 ഉം ദിനേശ് കാര്‍ത്തിക് 6 ഉം സഞ്ജു സാംസണ്‍ 30* അക്‌സര്‍ പട്ടേല്‍ 20* ഉം റണ്‍സെടുത്തു. എട്ട് പന്തിലാണ് അക്‌സറിന്‍റെ സ്‌കോറിംഗ്.
മഴമൂലം വൈകിയാരംഭിച്ച മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ശ്രേയസ് അയ്യര്‍ക്ക് പകരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. അയ്യരുടെ മോശം ഫോം കഴിഞ്ഞ മത്സരങ്ങളില്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും സ്‌പിന്നര്‍ രവി ബിഷ്‌ണോയും കൂടി സഞ്ജുവിനൊപ്പം പ്ലേയിംഗ് ഇലവനിലെത്തി. ഹാര്‍ദിക് പാണ്ഡ്യയും രവി അശ്വിനും പുറത്തായി. അഞ്ച് ടി20കളുടെ പരമ്പരയില്‍ 2-1ന്‍റെ ജയവുമായി രോഹിത് ശര്‍മ്മയും സംഘവും മുന്നില്‍നില്‍ക്കുകയാണ്.
സിക്‌സറടി മേളം; ഷാഹിദ് അഫ്രീദിയെ മറികടന്ന് രോഹിത് ശര്‍മ്മ, മുന്നില്‍ ഒരേയൊരു താരം
