വിയര്‍ത്തെങ്കിലും ആദ്യ ടി20യില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ജയം

By Web TeamFirst Published Aug 3, 2019, 11:17 PM IST
Highlights

പതറിയെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയം. ഫ്‌ളോറിഡയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ഫ്‌ളോറിഡ: പതറിയെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയം. ഫ്‌ളോറിഡയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 17.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. രണ്ടാം മത്സരം നാളെ നടക്കും.

24 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍ (1), വിരാട് കോലി (19), ഋഷഭ് പന്ത് (0), മനീഷ് പാണ്ഡെ (19), ക്രുനാല്‍ പാണ്ഡ്യ (12) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോറുകള്‍. രവീന്ദ്ര ജഡേജ (8), വാഷിങ്ടണ്‍ സുന്ദര്‍ (10) എന്നിവര്‍ പുറത്താവാതെ നിന്നു. വിന്‍ഡീസിനായി ഷെല്‍ഡന്‍ കോട്ട്‌റെല്‍, സുനില്‍ നരെയ്ന്‍, കീമോ പോള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ, അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നവ്ദീപ് സൈനിയുടെ പ്രകടനമാണ് വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 49 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

പൊള്ളാര്‍ഡിന് പുറമെ നിക്കോളാസ് പൂരനാണ് (20) രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്സ്മാന്‍. ജോണ്‍ ക്യാംപല്‍ (0), എവിന്‍ ലൂയിസ് (0), ഷിംറോണ്‍ ഹെറ്റ്മയേര്‍ (0), റോവ്മാന്‍ പവല്‍ (4), കാര്‍ലോസ് ബ്രാത്വെയ്റ്റ് (9), സുനില്‍ നരെയ്ന്‍ (2), കീമോ പോള്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷെല്‍ഡന്‍ കോട്ട്റെല്‍ (0), ഒഷാനെ തോമസ് (0) പുറത്താവാതെ നിന്നു.

പൂരന്‍, ഹെറ്റ്മയേര്‍, പൊള്ളാര്‍ഡ് എന്നീ വമ്പന്മാരെയാണ് സൈനി മടക്കിയത്. പൂരന്‍, ഹെറ്റ്മയേര്‍ എന്നിവര്‍ അടുത്തടുത്ത പന്തുകളിലാണ് പുറത്തായത്. നാലോവറില്‍ 17 റണ്‍സ് മാത്രമാണ് സൈനി വിട്ടുകൊടുത്തത്. അവസാന ഓവര്‍ മെയ്ഡാനാക്കുകയും ചെയ്തു.

click me!