2024 ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വി ടീം പാടെ മറന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക്. 

അഹമ്മദാബാദ്: 2024 ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ കയ്‌പ്പേറിയ തോല്‍വിയെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് മനസ് തുറക്കുന്നു. അഹമ്മദാബാദിലെ നിര്‍ണ്ണായകമായ സൂപ്പര്‍ 8 മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ തോല്‍വിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ടീം പാടെ ഉപേക്ഷിച്ചുവെന്ന് ഡി കോക്ക് വെളിപ്പെടുത്തി.

വാര്‍ത്താസമ്മേളനത്തില്‍ ഡി കോക്ക് പറഞ്ഞതിങ്ങനെ... ''മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളാണത്. സത്യം പറഞ്ഞാല്‍, ആ മത്സരത്തിന് ശേഷം ഞങ്ങള്‍ അത് പാടെ മറന്നു. ഞങ്ങളില്‍ ആരും അതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും ആഗ്രഹിച്ചിരുന്നില്ല. വീട്ടിലേക്ക് മടങ്ങിയ ഞങ്ങള്‍ ഓരോരുത്തരും വ്യക്തിപരമായ രീതിയിലാണ് ആ വിഷമത്തില്‍ നിന്ന് കരകയറിയത്. അതിന് ശേഷം ഞങ്ങള്‍ ഒരിക്കല്‍ പോലും ആ ഫൈനലിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.'' ഡി കോക്ക് പറഞ്ഞു. നാളത്തെ മത്സരത്തില്‍ സമ്മര്‍ദ്ദത്തെ ആര് മികച്ച രീതിയില്‍ അതിജീവിക്കുന്നുവോ അവര്‍ക്കായിരിക്കും വിജയമെന്നും ഡി കോക്ക് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയുടെ കൈപ്പിടിയില്‍ നിന്നാണ് കിരീടം വഴുതി പോയത്. ബാര്‍ബഡോസില്‍ നടന്ന ആ ഫൈനലില്‍ അവസാന 30 പന്തില്‍ 30 റണ്‍സ് മാത്രം മതിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍. ഹെന്റിച്ച് ക്ലാസന്‍ തകര്‍ത്തടിക്കുമ്പോള്‍ കിരീടം ദക്ഷിണാഫ്രിക്ക ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ നല്‍കിയ ബ്രേക്ക് ത്രൂവും ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയും കളി ഇന്ത്യയുടെ പക്ഷത്തെത്തിച്ചു. പഴയ തോല്‍വികള്‍ മറന്നാണ് പ്രോട്ടീസ് ഇത്തവണ വരുന്നത്.

2025-ലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് കിരീടം നേടിയത് ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ക്കിനി 'ചോക്കേഴ്‌സ്' എന്ന വിളിപ്പേര് ചേരില്ലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.

YouTube video player