ബൗളിംഗില്‍ തിളങ്ങി അഭിഷേക് ശര്‍മ, മൂന്ന് വിക്കറ്റ്; സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്

Published : Jul 25, 2026, 08:04 PM IST
Abhishek Sharma

Synopsis

സിംബാബ്‌വെക്കെതിരായ രണ്ടാം ടി20യില്‍ 90 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാന്‍ കിഷന്റെയും (81) തിലക് വര്‍മയുടെയും (60) മികവില്‍ 219 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 129 റണ്‍സിന് പുറത്തായി. ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി അഭിഷേക് ശര്‍മ തിളങ്ങി.

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ചതോടെയാണ് ഇന്ത്യ മൂന്ന് ടി20കള്‍ ഉള്‍പ്പെടുന്ന പരമ്പര സ്വന്തമാക്കിയത്. 90 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (44 പന്തില്‍ 81), തിലക് വര്‍മ (29 പന്തില്‍ 60) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 17.5 ഓവറില്‍ 129 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശര്‍മ, രണ്ട് പേരെ വീതം പുറത്താക്കിയ പ്രിന്‍സ് യാദവ്, യഷ് താക്കൂര്‍ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്.

19 പന്തില്‍ 32 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. തദിവനാഷെ മരുമാനി (24), റയാന്‍ ബേള്‍ (20), ബ്രാഡ് ഇവാന്‍സ് (19), ഡിയോണ്‍ മെയേഴ്‌സ് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ബെന്‍ കറന്‍ (1), സിക്കന്ദര്‍ റാസ (0), വെസ്ലി മധെവേരെ (2) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. നേരത്തെ, രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് റണ്‍സെടുത്ത അഭിഷേക് ശര്‍മയെ, മുസറബാനി ഗള്ളിയില്‍ റ്യാന്‍ ബേളിന്റെ കൈകളിലെത്തിച്ചു.

മൂന്നാം ഓവറില്‍ വൈഭവ് സൂര്യവംശിയും (9 പന്തില്‍ 20) മടങ്ങി. റിച്ചാര്‍ഡ് ഗരാവക്കെതിരെ തുടര്‍ച്ചയായി ഒരു സിക്‌സും മൂന്ന് ഫോറും നേടി ആത്മവിശ്വാസത്തിലായിരുന്നു സൂര്യവംശി. എന്നാല്‍ ഓവറിന്റെ അവസാന പന്തില്‍ പുറത്തായി. മുസറബാനിക്കായിരുന്നു ക്യാച്ച്. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്‌സ്. തുടര്‍ന്ന് ശ്രേയസ് അയ്യര്‍ (25) - കിഷന്‍ സഖ്യം 66 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ശ്രേയസ് പത്താം ഓവറിന്റെ അവസാന പന്തില്‍ മടങ്ങി. ബ്രയാന്‍ ബെന്നറ്റിന്റെ പന്തില്‍ ബ്രാഡ് ഇവാന്‍സിന് ക്യാച്ച് നല്‍കുകയായിരുന്നു.

ഇതോടെ മൂന്നിന് 95 എന്ന നിലയിലായി ഇന്ത്യ. പിന്നീട് തിലക് - കിഷന്‍ സഖ്യം 94 റണ്‍സ് കൂടി ചേര്‍ത്ത് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 18-ാം ഓവറില്‍ കിഷന്‍ മടങ്ങുമ്പോള്‍ രണ്ട് സിക്‌സും ഒമ്പത് ഫോറും നേടിയിരുന്നു. റിങ്കും സിംഗ് (12) അവസാന ഓവറിലും മടങ്ങി. തിലക് - ശിവം ദുബെ (6) സഖ്യം പുറത്താവാതെ നിന്നു. 29 പന്തുകള്‍ നേരിട്ട തിലക് മൂന്ന് സിക്‌സും അഞ്ച് ഫോറും നേടി. ആദ്യ ടി20 ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

ഇന്ത്യ: വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, റിങ്കു സിംഗ്, ശിവം ദൂബെ, രവി ബിഷ്‌ണോയ്, പ്രിന്‍സ് യാദവ്, യാഷ് താക്കൂര്‍, മയങ്ക് യാദവ്.

സിംബാബ്വെ: ബ്രയാന്‍ ബെനെറ്റ്, ബെന്‍ കറന്‍, ഡിയോണ്‍ മേയേഴ്‌സ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന്‍ ബേര്‍ള്‍, വെസ്ലി മാധേവെരെ, തടിവനാഷെ മരുമാനി (വിക്കറ്റ് കീപ്പര്‍), ബ്രാഡ് എവന്‍സ്, ന്യൂമാന്‍ ഞാമുരി, റിച്ചാര്‍ഡ് എന്‍ഗാരവ, ബ്ലെസ്സിംഗ് മുസരബാനി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

15 ലക്ഷത്തിലധികം തട്ടിയെടുത്തു; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ വഞ്ചനാക്കുറ്റത്തിന് എഫ്ഐആര്‍
ഇഷാന്‍ കിഷനും തിലക് വര്‍മയും മിന്നി; സിംബാബ്‌വെക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍