വിന്‍റേജ് സിംബാബ്‌വെയെ ഓർമ്മിപ്പിച്ച് 'റൺമദറാസ', സെഞ്ചുറി; ഇഞ്ചോടിഞ്ച് പോരിൽ ഇന്ത്യക്ക് ജയം, പരമ്പര തൂത്തുവാരി

Published : Aug 22, 2022, 09:02 PM IST
വിന്‍റേജ് സിംബാബ്‌വെയെ ഓർമ്മിപ്പിച്ച് 'റൺമദറാസ', സെഞ്ചുറി; ഇഞ്ചോടിഞ്ച് പോരിൽ ഇന്ത്യക്ക് ജയം, പരമ്പര തൂത്തുവാരി

Synopsis

അവസാന നാലോവറില്‍ 40 റണ്‍സും രണ്ടോവറില്‍ 17 റണ്‍സുമായിരുന്നു സിംബാബ്‌വെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആവേശ് ഖാന്‍ എറിഞ്ഞ 48-ാം ഓവറില്‍ 16 റണ്‍സടിച്ചാണ് സിക്കന്ദര്‍ റാസ ഇന്ത്യയെ വിറപ്പിച്ചത്. ആ ഓവറിലെ അവസാന പന്തില്‍ ബ്രാഡ് ഇവാന്‍സ് പുറത്തായത് ഇന്ത്യക്ക് ആശ്വാസമായി. ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അടുത്ത ഓവറില്‍ റാസയും പുറത്തായോതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.

ഹരാരെ: സിക്കന്ദര്‍ റാസയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇന്ത്യയെ വിറപ്പിച്ച സിബാബ്‌വെ ഒടുവില്‍ വീണു. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 13 റണ്‍സിന്‍റെ നേരിയ ജയവുമായി ഇന്ത്യ ഏകദിന പരമ്പര 3-0ന് തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 49-ാം ഓവര്‍ വരെ വിജയപ്രതീക്ഷയിലായിരുന്നെങ്കിലും 49-ാം ഓവറിലെ നാലാം പന്തില്‍ റാസയെ(95 പന്തില്‍ 15) ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ പന്തില്‍ ശുഭ്മാന്‍ ഗില്‍ പറന്നുപിടിച്ചാണ് ഇന്ത്യക്ക് വിജയം ഉറപ്പിച്ചത്. ഏഴാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സിനൊപ്പം 103 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് റാസ സിംബാബ്‌വെക്ക് വിജയപ്രതീക്ഷ നല്‍കിയത്. 87 പന്തില്‍ സെഞ്ചുറിയിലെത്തിയ റാസ 95 പന്തില്‍ 115 റണ്‍സുമായി മടങ്ങി. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 289-8. സിംബാബ്‌വെ 49.3 ഓവറില്‍ 276ന് ഓള്‍ ഔട്ട്.

അവസാന നാലോവറില്‍ 40 റണ്‍സും രണ്ടോവറില്‍ 17 റണ്‍സുമായിരുന്നു സിംബാബ്‌വെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആവേശ് ഖാന്‍ എറിഞ്ഞ 48-ാം ഓവറില്‍ 16 റണ്‍സടിച്ചാണ് റാസ ഇന്ത്യയെ വിറപ്പിച്ചത്. ആ ഓവറിലെ അവസാന പന്തില്‍ ബ്രാഡ് ഇവാന്‍സ് പുറത്തായത് ഇന്ത്യക്ക് ആശ്വാസമായി. ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അടുത്ത ഓവറില്‍ റാസ പുറത്തായോതോടെ സിംബാബെക്ക് രണ്ട് റണ്‍സ് മാത്രമെ നേടാനായുള്ളു. അവാസന ഓവറില്‍ 15 റണ്‍സായിരുന്നു സിംബാബ്‌വെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്നാം പന്തില്‍ ന്യൗച്ചിയെ ക്ലീന്‍ ബൗള്‍ഡാക്കി ആവേശ് ഖാന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

പൊരുതി നോക്കി സിക്കന്ദര്‍ റാസ

290 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വെക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ആറ് റണ്‍സെടുത്ത ഓപ്പണര്‍ ഇന്നസെന്‍റ് കൈയയെ ദീപക് ചാഹര്‍ മൂന്നാം ഓവറില്‍ മടക്കി. തൊട്ടുപിന്നാലെ മറ്റൊരു ഓപ്പണറായ കെയ്റ്റാനോ പരിക്കേറ്റ് മടങ്ങി. സീന്‍ വില്യംസും ടോണി മുന്യോംഗയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി സിംബാബ്‌വെക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍  മുന്യോംഗയെ ആവേശ് ഖാന്‍ വീഴ്ത്തി കൂട്ടുകെട്ട് പൊളിച്ചു. സീന്‍ വില്യംസിനൊപ്പം സിക്കന്ദര്‍ റാസ ഒത്തുചേര്‍ന്നതോടെ ഇന്ത്യക്ക് ഭീഷണിയായി കൂട്ടുകെട്ട് വളര്‍ന്നു.

ടീം സ്കോര്‍ 120ല്‍ നില്‍ക്കെ വില്യംസിനെ(45) വിക്കറ്റിന് മുന്നില്‍ കുടുക്കിയ അക്സര്‍ പട്ടേല്‍ തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ ചകാബ്‌വെയും(2) വീഴ്ത്തി ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ സിംബാബ്‌വെ തോല്‍വി ഉറപ്പിച്ചുവെന്ന് കരുതി. റ്യാന്‍ ബേളിനെ ചാഹറും ലൂക്ക് ജോങ്‌വെയെ(14) കുല്‍ദീപും വീഴ്ത്തിയെങ്കിലും തകര്‍ത്തടിച്ച റാസ സിംബാബ്‌വെക്ക് അവസാനം വരെ പ്രതീക്ഷ നല്‍കി.

59 പനതില്‍ അര്‍ധെസഞ്ചുറിയിലെത്തിയ റാസ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറി‌ഞ്ഞ 39ാം ഓവറില്‍ 20 റണ്‍സടിച്ച് ടോപ് ഗിയറിലായി. തൊട്ട പിന്നാലെ ആവേശ് ഖാനെ ഒരോവറില്‍ 17 റണ്‍സടിച്ച് റാസ അപായമണി മുഴക്കി. ബ്രാഡ് ഇവാന്‍ റാസക്ക് മികച്ച പിന്തുണ നല്‍കിയതോടെ സിംബാബ്‌വെക്ക് ജയപ്രതീക്ഷയായി. എന്നാല്‍ അവസാന രണ്ടോവറില്‍ കളി തിരിച്ച ആവേശ് ഖാനും ഷര്‍ദ്ദുല്‍ ഠാക്കൂറും കളി ഇന്ത്യയുടെ കൈപ്പിടിയിലൊതുക്കി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 289 റണ്‍സെടുത്തത്. ശുഭ്മാന്‍ ഗില്ലിന് (130) പുറമെ ശിഖര്‍ ധവാന്‍ (40), ഇഷാന്‍ കിഷന്‍ (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബ്രാഡ് ഇവാന്‍സ് സിംബാബ്‌വെയ്ക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഗില്ലിന്റെ സെഞ്ചുറി തന്നെയായിരുന്നു മത്സരത്തിലെ പ്രത്യേകത. 15 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റില്‍ ധവാന്‍- കെ എല്‍ രാഹുല്‍ (30) സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്താണ് പിരിഞ്ഞത്. രാഹുലിനെ ബ്രാഡ് ബൗള്‍ഡാക്കി. അധികം വൈകാതെ ധവാനും പവലിയനില്‍ തിരിച്ചെത്തി. അഞ്ച് ബൗണ്ടറികളാണ് ധവാന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ബ്രാഡ് തന്നെയാണ് ധവാനേയും മടക്കിയത്. പിന്നാലെ കിഷന്‍- ഗില്‍ കൂട്ടുകെട്ട് ഇന്ത്യക്ക് വലിയ ആശ്വാസം നല്‍കി. ഇരുവരും 140 റണ്‍സാണ് കൂട്ടിചേര്‍ത്തത്. പിന്നാലെ ക്രീസിലെത്തിയ സഞ്ജു പതിയെയാണ് തുടങ്ങിയത്. എന്നാല്‍ ജോംഗ്‌വെക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്‌സ് നേടി താരം ആത്മവിശ്വാസം വീണ്ടെടുത്തു. എന്നാല്‍ മൂന്നാമതും കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ടു. 13 പന്തില്‍ 15 റണ്‍സുമായി സഞ്ജു പുറത്തായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്