
റാഞ്ചി: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് മുമ്പ് ഇന്ത്യയുടെ പകരക്കാരുടെ നിരയെ പ്രകീര്‍ത്തിച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. ഏകദിന പരമ്പരയില്‍ കളിക്കുന്നത് ഇന്ത്യയുടെ രണ്ടാം നിരയാണെന്ന് പറയാനാവില്ലെന്നും രാജ്യാന്തര ക്രിക്കറ്റില്‍ ഒരേസമയം അഞ്ച് മുന്‍നിര ടീമുകളെ കളത്തിലിറക്കാനുള്ള പ്രതിഭാ സമ്പത്ത് ഇന്ത്യക്കുണ്ടെന്നും രണ്ടാം ഏകദിനത്തിന് മുന്നോടിയായുള്ള വര്‍ത്താ സമ്മേളനത്തില്‍ കേശവ് മഹാരാജ് പറഞ്ഞു.
ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലുമെല്ലാം പയറ്റിത്തെളിഞ്ഞവരാണ് ഇന്ത്യന്‍ ടീമിലുള്ളത്. ലോകോത്തര നിലവാരമുള്ള കളിക്കാരും അവരിലുണ്ട്. ഇന്ത്യയെപ്പോലെ കരുത്തുറ്റ ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് എല്ലായ്പ്പോഴും സന്തോഷകരമായ കാര്യമാണ്. കാരണം, ഇന്ത്യയെപ്പോലുള്ള ടീമുകളെ നേരിടാന്‍ വലിയ മുന്നൊരുക്കം വേണം. കാരണം, അവര്‍ക്ക് കരുത്തുറ്റ ബാറ്റിംഗ് നിരയുണ്ട്.
ലഖ്നൗവില്‍ ടബ്രൈസ് ഷംസിയെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കൈകാര്യം ചെയ്തത് കാര്യമാക്കേണ്ടെന്നും അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണതെന്നും മഹാരാജ് പറഞ്ഞു. ബൗളിംഗ് കണക്കുകള്‍ മാത്രം നോക്കി ബൗളറുടെ പ്രകടനം വിലയിരുത്താനാവില്ല. ഇന്ത്യന്‍ ബാറ്റര്‍മാര്‍ അദ്ദേഹത്തെ ലക്ഷ്യം വെച്ചു എന്നത് ശരിയാണ്. എന്നാല്‍ അദ്ദേഹം നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയെന്നത് മറന്നുകൂടാ. അതുകൊണ്ടുതന്നെ ഷംസിയുടെ ഫോം വലിയ ആശങ്കയല്ലെന്നും മഹാരാജ് പറഞ്ഞു.
എം എസ് ധോണിയുടെ ഹോം ഗ്രൗണ്ടായ റാഞ്ചിയിലാണ് രണ്ടാം ഏകദിന മത്സരമെന്നതിനാല്‍ അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞാല്‍ സന്തോഷമായേനെ എന്നും മഹാരാജ് വ്യക്തമാക്കി. ധോണിക്കൊപ്പം കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല. പക്ഷെ അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ സന്തോഷമാവുമായിരുന്നു. കാരണം, നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും അദ്ദേഹം ലോകോത്തര താരമാണെന്നും മഹാരാജ് പറഞ്ഞു.
റാഞ്ചിയില്‍ നിടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടും. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഒമ്പത് റണ്‍സിന് ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!