ടി20യില്‍ ഇന്ത്യക്ക് പുതിയ നായകനെ നിര്‍ദേശിച്ച് യുവരാജ്

By Web TeamFirst Published Sep 27, 2019, 6:26 PM IST
Highlights

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ വിരാട് കോലിയുടെ ജോലിഭാരം കുറയ്ക്കാന്‍ ആലോചിക്കുന്നുവെങ്കില്‍ ടി20യില്‍ രോഹിത്തിനെ ക്യാപ്റ്റനാക്കാവുന്നതാണ്. രോഹിത്തിന്റെ ടി20 റെക്കോര്‍ഡും വളരെ മികച്ചതാണ്.

മുംബൈ: ടി20യില്‍ ഇന്ത്യക്ക് പുതിയ നായകനെ നിര്‍ദേശിച്ച് യുവരാജ് സിംഗ്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ജോലിഭാരം കുറക്കാന്‍ ടി20യില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കണമെന്നാണ് യുവിയുടെ നിര്‍ദേശം. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും കോലിയാണ് ഇന്ത്യയെ നയിക്കുന്നത്.

ഐപിഎല്ലിലെ വിജയചരിത്രം പരിശോധിച്ചാല്‍ രോഹിത് ശര്‍മയ്ക്ക് ഇന്ത്യയെ പരമിത ഓവര്‍ മത്സരങ്ങളില്‍ വിജയകരമായി നയിക്കാനാവും. എന്നാല്‍ കോലിയുടെ ജോലിഭാരം കുറക്കാനായി ക്യാപ്റ്റന്‍സി വിഭജിക്കുന്ന കാര്യം ടീം മാനേജ്മെന്റിന്റെ തീരുമാനമാണെന്നും യുവി പറഞ്ഞു. മുമ്പ് ടെസ്റ്റും ഏകദിനവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ കാലത്ത് രണ്ട് ഫോര്‍മാറ്റില്‍ ടീമിനെ നയിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നില്ല. ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ വിരാട് കോലിയുടെ ജോലിഭാരം കുറയ്ക്കാന്‍ ആലോചിക്കുന്നുവെങ്കില്‍ ടി20യില്‍ രോഹിത്തിനെ ക്യാപ്റ്റനാക്കാവുന്നതാണ്. രോഹിത്തിന്റെ ടി20 റെക്കോര്‍ഡും വളരെ മികച്ചതാണ്.  ടെസ്റ്റില്‍ രോഹിത്തിനെ ഓപ്പണറാക്കി പരീക്ഷിച്ചാല്‍ ആ സ്ഥാനത്ത് നിലയുറപ്പിക്കാനുള്ള സമയം രോഹിത്തിന് അനുവദിക്കണമെന്നും യുവി പറഞ്ഞു.

നിലവില്‍ ഇംഗ്ലണഅട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകള്‍ക്കെല്ലാം വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത നായകന്‍മാരാണുള്ളത്. മുന്‍നിര ടീമുകളില്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും മൂന്ന് ഫോര്‍മാറ്റിലും ഒരു നായകന്‍ തന്നെയാണുള്ളത്.

click me!