ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരത്തെ പരിശീലകനാക്കി അഫ്ഗാന്‍

By Web TeamFirst Published Sep 27, 2019, 5:28 PM IST
Highlights

വെസ്റ്റ് ഇന്‍ഡീസ് താരം ഫില്‍ സിമണ്‍സിന്റെ പകരക്കാരനായാണ് ക്ലൂസ്നര്‍ അഫ്ഗാന്റെ പരിശീലകനാവുന്നത്. സിമണ്‍സിന്റെ പകരക്കാനെത്തേടി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചിരുന്നു.

കാബൂള്‍: ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായിരുന്ന ലാന്‍സ് ക്ലൂസ്നറെ മുഖ്യ പരിശീലകനാക്കി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം. വെസ്റ്റ് ഇന്‍ഡീസ് താരം ഫില്‍ സിമണ്‍സിന്റെ പകരക്കാരനായാണ് ക്ലൂസ്നര്‍ അഫ്ഗാന്റെ പരിശീലകനാവുന്നത്. സിമണ്‍സിന്റെ പകരക്കാനെത്തേടി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചിരുന്നു. അമ്പതോളം അപേക്ഷകളാണ് പരിശീലകസ്ഥാനത്തേക്ക് ലഭിച്ചതെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇതില്‍ നിന്നാണ് ക്ലൂസ്നറെ പരിശീലകനായി തെരഞ്ഞെടുത്തത്.

നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലായിരിക്കും ക്ലൂസ്നര്‍ പരിശീലകനായി അരങ്ങേറുക. കോച്ചിംഗില്‍ ലെവല്‍-4 സര്‍ട്ടിഫിക്കറ്റുള്ള ക്ലൂസ്നര്‍ മുമ്പ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് കോച്ചായും ദക്ഷിണാഫ്രിക്കയുടെ നാഷണല്‍ അക്കാദമി കണ്‍സള്‍ട്ടന്റായും ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ്, ടി20 ടീമുകളുടെ ബാറ്റിംഗ് കോച്ചായും, ദക്ഷിണാഫ്രിക്കന്‍ ടി20 ടീമായ ഡോള്‍ഫിന്‍സിന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനെപ്പോലെ നിര്‍ഭയ ക്രിക്കറ്റ് കളിക്കുന്ന പ്രതിഭാധനരായ കളിക്കാരുള്ള ഒരു ടീമിന്റെ പരിശീലകനാവുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ക്ലൂസ്നര്‍ പറഞ്ഞു. കഠിനാധ്വാനം ചെയ്താല്‍ അഫ്ഗാന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാവാന്‍ കഴിയുമെന്ന് ക്ലൂസ്നര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പും ടി20 ലോകകപ്പും ആയിരിക്കും ക്ലൂസ്നറുടെ മുന്നിലെ പ്രധാന വെല്ലുവിളികള്‍.

click me!